കൊല്ലം : വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ സ്വദേശി ഷൈജുവാണ് പിടിയിലായത്.പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൈജുവിനെ തൊണ്ടി സഹിതം പിടികൂടിയത്.
2023 ഡിസംബർ ഒന്നിനാണ് ചിതറ മാങ്കോട് തെറ്റിമുക്ക് സ്വദേശിയായ അൻസാരി വ്യാജവാറ്റ് നടത്തുന്നതായി ചടയമംഗലം എക്സൈസിന് വിവരം ലഭിക്കുന്നത് . രാത്രിയോടെ വീട്ടിൽ എത്തിയ എക്സൈസ് അൻസാരിയെ അറസ്റ്റ് ചെയ്യുകയും , വാറ്റ് ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തു. 42 ദിവസം റിമാൻഡിൽ കഴിഞ്ഞ അൻസാരി ജാമ്യത്തിലിറങ്ങി. വീട്ടിൽ എത്തിയതിന് പിന്നാലെയാണ് വീട്ടിലെ കിടപ്പു മുറിയിലെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന 5 പവൻ മാലയും, പത്ത് ഗ്രാം വരുന്ന ലോക്കറ്റും മോഷണം പോയതായി മനസിലാക്കിയത് . ഇതിനു പുറമേ മൊബൈൽ ഫോണും ഒരു ടോർച്ച് ലൈറ്റും മോഷണം പോയിരുന്നു. വൈകാതെ ചിതറ പൊലീസിൽ പരാതി നൽകി.
എന്നാൽ ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായില്ല . തുടർന്ന് അൻസാരി കോടതിയിൽ ഹർജി നൽകി . ഇതിനിടെ അൻസാരിയുടെ മൊബൈൽ ഉപയോഗിക്കുന്നത് ഷൈജുവാണെന്ന് കണ്ടെത്തിയ ചിതറ പോലീസ് ഷൈജുവിനെ കൈയ്യോടെ പിടികൂടുകയായിരുന്നു .അതേസമയം മോഷണം പോയ സ്വർണ്ണം കണ്ടെടുക്കാൻ ആയിട്ടില്ല.