ന്യൂഡൽഹി : നിയമസഭാ പ്രതിപക്ഷ നേതാവ് പദവിയെ കുറിച്ച് സിപിഎമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് പരസ്യമായി അവകാശവാദം ഉന്നയിച്ച് സിപിഐ. സിപിഐക്ക് ആ സ്ഥാനത്തിന് അർഹതയുണ്ടെന്നാണ് പിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത് . . മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം പരിഗണിക്കുന്നതായും കെ എൻ ബാലഗോപാലിനെ ഉപനേതാവായി പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.
ഉപപ്രതിപക്ഷ നേതാവ് സ്ഥാനം കീഴ്വഴക്കം മാത്രമാണെന്നും , ഭരണഘടനാപരമായ പിന്തുണയില്ലെന്നും സിപിഎം നേതാക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഭരണഘടന അത്തരമൊരു നിലപാട് ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും കേരള രാഷ്ട്രീയത്തിൽ ഈ രീതി വളരെക്കാലമായി നിലനിൽക്കുന്നുണ്ടെന്നാണ് ബിനോയ് വിശ്വം പറയുന്നത് .
“പ്രതിപക്ഷ നേതാവും ഉപപ്രതിപക്ഷ നേതാവും ഒരേ പാർട്ടിയിൽ തന്നെ ആയിരിക്കണമെന്ന് പറയുന്ന ഒരു നിയമവുമില്ല. രാഷ്ട്രീയ രീതികൾ കാലക്രമേണ വികസിക്കുന്നു, ഈ കീഴ്വഴക്കവും മാറാം,” അദ്ദേഹം പറഞ്ഞു. അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടി പൊതുജനങ്ങളിൽ നിന്നുള്ള വ്യക്തമായ മുന്നറിയിപ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപാർട്ടികൾ ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തേണ്ട സമയമാണിത്. വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ പിഴവാണ്. താൻ മാറണമെന്ന് ചിലർ ഫെയ്സ്ബുക്കിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും അതല്ല കമ്യൂണിസ്റ്റ് രീതിയെന്നും സിപിഐയിലെ നേതൃമാറ്റച്ചർച്ചയിൽ ബിനോയ് വിശ്വം പറഞ്ഞു.

