ചെന്നൈ : ‘മാതൃദിനത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനം ‘ – വിജയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ അമ്മ ശോഭാ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണിത്. സത്യപ്രതിജ്ഞാ ചടങ്ങിനായി നെഹ്രു സ്റ്റേഡിയത്തിലേയ്ക്ക് ഇറങ്ങും മുൻപാണ് ശോഭ മാധ്യമങ്ങളോട് സംസാരിച്ചത് . “എനിക്ക് വളരെ സന്തോഷമുണ്ട്. ഇന്ന് മാതൃദിനമാണ്. എല്ലാവർക്കും മാതൃദിനാശംസകൾ. സത്യപ്രതിജ്ഞാ ചടങ്ങിന് ഞാൻ ഇതിനകം വൈകി. “ എന്ന് പറഞ്ഞാണ് ശോഭാ ചന്ദ്രശേഖർ സംസാരം അവസാനിപ്പിച്ചത്.
വിജയെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വാതോരാതെ സംസാരിക്കുന്ന അമ്മയാണ് ശോഭ. ചെന്നൈയിലാണ് വിജയ്ക്ക് ഷൂട്ടിംഗുള്ളതെങ്കിൽ ഷൂട്ടിംഗ് സെറ്റിലേയ്ക്കും മകന് ഇഷ്ടപ്പെട്ട സക്കരപൊങ്കൽ തയ്യാറാക്കി അയക്കാറുണ്ട് ശോഭ . ആഹാരകാര്യത്തിൽ പ്രത്യേക ഇഷ്ടങ്ങളൊന്നുമില്ലാത്ത , എന്നാൽ അനിഷ്ടങ്ങൾ തുറന്ന് പ്രകടിപ്പിക്കാത്ത മകനാണ് വിജയെന്നും ശോഭ അടുത്തിടെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയായാണ് വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. 108 സീറ്റുകൾ നേടിയ തമിഴഗ വെട്രി കഴകം, ഭൂരിപക്ഷം മറികടന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഎം, മുസ്ലീം ലീഗ് പാർട്ടികളുടെ പിന്തുണ നേടിയിരുന്നു.

