മുംബൈ : നാസിക് ടിസിഎസിലെ മതപരിവർത്തന , ലൈംഗികാതിക്രമ കേസിലെ പ്രതിയായ നിദാഖാനെ ഒളിവിൽ താമസിപ്പിച്ച വീടിന് നേരെ ബുൾഡോസർ നടപടി. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള എഐഎംഐഎം കോർപ്പറേറ്റർ മൈദീൻ പട്ടേലിന്റെ അനധികൃത വസതിയാണ് ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റുക. നരേഗാവിലുള്ള മൈദീൻ പട്ടേലിന്റെ വസതിയിൽ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചു കഴിഞ്ഞു.
മൈദീൻ മൂന്ന് ദിവസത്തിനുള്ളിൽ തന്റെ വീടിന്റെയും കടയുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട നിയമപരമായ രേഖകൾ ഹാജരാക്കണമെന്ന് നോട്ടീസിൽ വ്യക്തമായി പറയുന്നു. ആവശ്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ, കടകളും പൊളിച്ചുമാറ്റും.രണ്ട് ദിവസം മുമ്പ്, നിദ ഖാനെ മൈദീന്റെ ഈ വസതിയിൽ നിന്നാണ് നാസിക് പോലീസ് അറസ്റ്റ് ചെയ്തത് . അറസ്റ്റിന് മുമ്പ് നിദ നിരവധി ദിവസങ്ങളായി ഒളിവിലായിരുന്നു. കേസിൽ എഐഎംഐഎം കോർപ്പറേറ്റർ മൈദീൻ പട്ടേലിനെ പ്രതിയാക്കി പോലീസ് കേസെടുത്തു.
ബിജെപി മേയർ സമീർ രാജൂർക്കറുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ മൈദീന്റെ വസതി അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് അനധികൃത നിർമ്മാണങ്ങളൊന്നുമില്ലെന്ന് പ്രഖ്യാപിച്ച് സത്യവാങ്മൂലം സമർപ്പിച്ച നേതാവാണ് മൈദീൻ .
ഈ വസതി നിയമവിരുദ്ധമാണെന്ന് ഔദ്യോഗികമായി തെളിയിക്കപ്പെട്ടാൽ, അദ്ദേഹത്തിന്റെ കോർപ്പറേറ്റർ സ്ഥാനം നഷ്ടപ്പെടും.

