കോർക്ക്: കൗണ്ടി കോർക്കിലെ നഗരങ്ങളിൽ കൂടുതൽ ഗാർഡകളെ വിന്യസിക്കണമെന്ന് ആവശ്യം. ലേബർ പാർട്ടി കൗൺസിലർ പീറ്റർ ഹോർഗനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വർധിച്ചുവരുന്ന ജനസംഖ്യ, ഗതാഗതക്കുരുക്ക്, സാമൂഹികവിരുദ്ധരുടെ ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്താണ് തീരുമാനം.
ടെമ്പിൾമോറിലെ പരിശീലന കേന്ദ്രത്തിൽ നിന്നും പാസായ 200 ഗാർഡകളിൽ രണ്ട് പേർക്ക് മാത്രമാണ് കോർക്കിൽ ചുമതല നൽകിയിരിക്കുന്നത്. ഇതിനെ വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡഗ്ലസിലെയും ബ്ലാക്ക്റോക്കിലെയും ഗാർഡ സ്റ്റേഷനുകളിൽ പോലീസുകാരുടെ എണ്ണം വർധിപ്പിക്കണമെന്ന് പീറ്റർ ഹോർഗൻ പറഞ്ഞു. ഇരു മേഖലകളിലെയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മുൻ കമ്മീഷണറോടും നിലവിലെ കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

