മീത്ത്: ഡിഎംഎ അയർലൻഡ് പൂരം ഈ മാസം 16 ന് നടക്കും. കൗണ്ടി മീത്തിലെ ഗോർമാൻസ്റ്റൺ പാർക്കിലാണ് പരിപാടി നടക്കുക. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികൾക്ക് രാത്രി 9 മണിയ്ക്കാണ് സമാപനം കുറിയ്ക്കുക.
മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ആസിഫ് അലിയാണ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്. ഓൾ യൂറോപ്പ് സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷനിൽ യൂറോപ്പിലെ തന്നെ പ്രമുഖരായ 16 ടീമുകൾ പരിപാടിയുടെ ഭാഗമാകുന്നുണ്ട്. യൂറോപ്പിലെ തന്നെ പ്രമുഖ മോഡലുകൾ മാറ്റുരയ്ക്കുന്ന ഫാഷൻ ഷോയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പിന്നണി ഗായൻ അഫ്സൽ നയിക്കുന്ന സംഗീത വിരുന്ന് പരിപാടിയ്ക്ക് മാറ്റേകും. ഇതിന് പുറമേ ഡിജെയും വിവിധ രുചിഭേദങ്ങൾ ആളുകളിലേക്ക് പകരുന്നതിനായി ഫുഡ് സ്റ്റാളുകളും ഉണ്ടാകും.

