റിലീസിന് മുൻപ് തന്നെ ചർച്ചയായ ചിത്രമാണ് ഉണ്ണിമുകുന്ദന്റെ മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഭാവത്തിലും രൂപത്തിലുമാണ് താരം എത്തുന്നത് . ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് .
ഏറ്റവും ഒടുവിലായി മാർക്കോയുടെ മൂന്ന് ഗാനങ്ങളാണ് യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചത് . ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി. ആദ്യം പുറത്തിറങ്ങിയത് ഡബ്സി പാടിയ വേർഷനായിരുന്നു . എന്നാൽ ഡബ്സിയുടെ ശബ്ദം പോര എന്ന് ചർച്ചകൾ വന്നതോടെ സന്തോഷ് വെങ്കി പാടിയ വേര്‍ഷന്‍ പുറത്തിറക്കി.
മാർപ്പാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പിന്നീട് എത്തിയത്. സയീദ് അബ്ബാസാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ബേബി ജീനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഇതും.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ആയിരുന്നു മാർക്കോ ജൂനിയർ. ഈ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കുന്ന സിനിമയാണ് മാർക്കോ.ഹൈ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറുകൾ ചേർന്നാണ്. ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങി വൻ താരനിര തന്നെ മാർക്കോയിൽ അണിനിരക്കുന്നു.