വാഷിംഗ്ടൺ : എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജൻ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നാമനിര്‍ദേശം ചെയ്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്.
2017-ല്‍ ട്രംപ് നിയമിച്ച ക്രിസ്റ്റഫര്‍ വ്രേയുടെ പിന്‍ഗാമിയായാണ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. സമര്‍ഥനായ അഭിഭാഷകനും നിരീക്ഷകനും ‘അമേരിക്ക ഫസ്റ്റ്’ പോരാളിയുമാണ് പട്ടേല്‍ എന്ന് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറയുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നതിനും നീതിക്കുവേണ്ടി പ്രതിരോധം ഉറപ്പുവരുത്തുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും ചെലവഴിച്ച തൊഴില്ജീവിതമായിരുന്നു പട്ടേലിന്റേതെന്നും ട്രംപ് കുറിപ്പില്‍ പറയുന്നുണ്ട്.
1985 ൽ ന്യൂയോർക്കിലാണ് കശ്യപ് പട്ടേൽ ജനിച്ചത് . ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യൻ വംശജരാണ് കശ്യപിന്റെ മാതാപിതാക്കൾ . ഗുജറാത്തിലെ വഡോദരയിലാണ് കുടുംബത്തിന്റെ വേരുകൾ . റിച്ച്മോണ്ട്സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ കശ്യപ് മയാമിയിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
കൊലപാതകം , മയക്കുമരുന്ന്, സാമ്പത്തിക തട്ടിപ്പുകൾ അങ്ങനെ നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തു.പിന്നീട് നീതിന്യായ വകുപ്പിൽ തീവ്രവാദ പ്രോസിക്യൂട്ടറായി ചുമതലയേറ്റു.അമേരിക്കൻ പ്രതിരോധ വകുപിന്റെ റിപ്പോർട്ട് പ്രകാരം അൽ ഖ്വയ്ദ, ഇസ്ലാമി സ്റ്റേറ്റ് തുടങ്ങിയവയിലെ ഭീകരരെ തുറങ്കിലടക്കുന്നതിൽ കശ്യപിന്റെ സാമർത്ഥ്യം പ്രകടമായി. ഭീകരവിരുദ്ധ നീക്കങ്ങൾ നയിച്ച ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിൽ ലെയ്സൺ ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.നാഷണൽ ഇൻ്റിജൻസ് ആക്ടിംഗ് ഡയറക്ടറുടെ പ്രിൻസിപ്പൽ ഡെപ്യൂട്ടിയായി പ്രവർത്തിച്ചപ്പോൾ 17 ഓളം രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു