വാഷിംഗ്ടൺ : ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. എംബിഎ വിദ്യാർത്ഥിയായ 22 കാരൻ സായ് തേജ നുകരാപു ആണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ഖമ്മം ജില്ല സ്വദേശിയാണ്.
ഷിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ വച്ച് അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. എംബിഎ പഠനത്തിനായെത്തിയ സായ് പെട്രോൾ പമ്പിൽ പാർട് ടൈം ജോലിയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് ഭാരത് രാഷ്ട്രസമിതി(ബിആര്‍എസ്) നേതാവ് മധുസൂദന്‍ താത്ത അറിയിച്ചു. സംഭവം നടക്കുമ്പോൾ ഇയാൾ ഡ്യൂട്ടിയിൽ അല്ലായിരുന്നുവെന്നും സഹപ്രവർത്തകനെ സഹായിക്കാൻ നിന്നതാണെന്നും മാതാപിതാക്കൾ പറഞ്ഞു.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തേജയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും അവര്‍ പറഞ്ഞു. സംഭവത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അപലപിച്ചു.