ശ്രീനഗർ : കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഭീകരന്റെ കൂട്ടാളി പിടിയിൽ . കച്ചിപോറ നിവാസിയായ മുഹമ്മദ് ഉമർ മാലിക് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. ഉമർ മാലികിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പോലീസ്, രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫിന്റെ 183-ാമത് ബറ്റാലിയൻ എന്നിവ സംയുക്തമായി പുൽവാമയിലെ രാജ്പോറ പ്രദേശത്തെ നാഥ് റോഡിനടുത്തുള്ള ഖസ്ബ്യാർ മൊഹല്ലയിലാണ് റെയ്ഡ് നടത്തിയത് .
യുഎപിഎ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളിൽ നിന്ന് ഒരു പിസ്റ്റൾ, ഒരു മാഗസിൻ, ലൈവ് വെടിയുണ്ടകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കശ്മീരിലെ കിഷ്ത്വാറിലെ രഹസ്യ തീവ്രവാദ ഒളിത്താവളവും സുരക്ഷാ സേന തകർത്തു . കിഷ്ത്വാറിലെ ചത്രു പ്രദേശത്താണ് ഓപ്പറേഷൻ നടത്തിയത് . സിഗ്ഡി ഭാട്ട പ്രദേശത്തെ ബജ്മണ്ടു വനത്തിനുള്ളിലായിരുന്നു തീവ്രവാദികളുടെ ഈ ഒളിത്താവളം . സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു തീവ്രവാദ കമാൻഡറിന്റേതാണ് ഈ ഒളിത്താവളമെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് നിന്ന് സുരക്ഷാ സേന ധാരാളം ഗ്രനേഡ് ലോഞ്ചറുകൾ, പിസ്റ്റളുകൾ, വെടിമരുന്ന്, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തു.

