29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സംഗീതജ്ഞൻ എ ആർ റഹ്മാനും , ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത വന്നത് ദിവസങ്ങൾക്ക് മുൻപാണ് . സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇക്കാര്യം പുറത്ത് വിട്ടത് .ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്നും വന്ദന ഷാ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വന്ദന ഷാ .വിക്കി ലാൽ വാനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയായിരുന്നു വന്ദനയുടെ ഈ തുറന്ന് പറച്ചിൽ.
‘ റഹ്മാനും, സൈറയും തമ്മിൽ അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല . ഞാൻ ശുഭാപ്തിവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത് . നീണ്ട കാലത്തെ ദാമ്പത്യമായിരുന്നു ഇവരുടേത് . ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനമെടുത്തത് . അവരുടേ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമായതാണ്. എന്നാൽ അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഇപ്പോഴും ഞാൻ പറയുന്നില്ല ‘ -വന്ദന ഷാ പറഞ്ഞു.
1995 ലായിരുന്നു എ ആർ റഹ്മാൻ – സൈറ ബാനു വിവാഹം . താൻ അന്ന് സിനിമകളുടെ തിരക്കിലായിരുന്നുവെന്നും, അമ്മയാണ് സൈറയെ കണ്ടെത്തിയതെന്നും മുൻപ് റഹ്മാൻ പറഞ്ഞിരുന്നു . തന്നെ ബുദ്ധിമുട്ടിക്കാത്ത ഒരു പെണ്ണ് വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും റഹ്മാൻ പറഞ്ഞിരുന്നു.ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്കുള്ളത് .