ന്യൂഡൽഹി: പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധിയ്ക്കെതിരെ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേസിൽ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കണം. ഇത് ചെയ്യാതെയാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിൽ അറസ്റ്റിലായ 17 പോപ്പുലർ ഫ്രണ്ടുകാർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ലഭിച്ച ഹർജിയിൽ ആണ് സുപ്രീംകോടതിയുടെ നിർണായ ഇടപെടൽ.
ശ്രീനിവാസൻ കൊലക്കേസിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ, സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്, നെജിമോൻ, സൈനുദ്ദീൻ, സി.ടി സുലൈമാൻ, രാഗം അലി ഫയാസ്, അക്ബർ അലി, നിഷാദ്, റഷീദ് കെ.ടി, സെയ്ദാലി എന്നിവർക്കാണ് ഹൈക്കോടതി കഴിഞ്ഞ ജൂൺ മാസത്തിൽ ജാമ്യം നൽകിയത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെതിരായ എൻ ഐ എയുടെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം, ഹൈക്കോടതി ജാമ്യം നിഷേധിച്ച കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യ ഹർജി അടുത്ത മാസം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 2022 ഏപ്രിൽ 16നായിരുന്നു പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ ആദ്യ കുറ്റപത്രം എൻ ഐ എ 2023 മാർച്ചിലാണ് കോടതിയിൽ സമർപ്പിച്ചത്.