തിരുവനന്തപുരം : ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവർത്തിച്ച് പിതാവ് കെ സി ഉണ്ണി. അപകട സമയത്ത് ബാലഭാസ്ക്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുൻ അറസ്റ്റിലായതിന് പിന്നാലെയാണ് പിതാവ് വീണ്ടും രംഗത്തെത്തിയത് .
ബാലഭാസ്കറിനെ കൊലപ്പെടുത്തിയത് തന്നെയാണ് . അതിനു പിന്നിൽ ഡ്രൈവറായ അർജുൻ തന്നെയാണ് . നേരത്തെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുൻ .എടിഎം കവർച്ച ഉൾപ്പെടെ മൂന്ന് കേസുകളിലെ പ്രതിയാണ് അർജുൻ. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. ആര് ആരെ കൊല്ലുന്നു എന്നതല്ല , മറിച്ച് പണമുണ്ടാക്കുക എന്നതാണ് ഇവിടെ പ്രാധാന്യം.ബാലഭാസ്ക്കറിന്റെ മരണത്തിൽ നീതി ലഭിച്ചിട്ടില്ല.വെറും സംശയമല്ല, ഇത് ഉറപ്പാണ്.
കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിബിഐ ചോദ്യം ചെയ്തുവെന്ന് പറയുന്നുണ്ട്. പക്ഷേ, റിപ്പോർട്ട് വായിച്ച് നോക്കിയാൽ മാത്രമേ അത് അറിയാനാകു. പുതിയ കേസിന്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കും.
ബാലഭാസ്കറിന് പണം കൊടുക്കാനുള്ളവർ ഭാര്യ ലക്ഷ്മിക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു. ലക്ഷ്മി തങ്ങളെ ബോയ്ക്കോട്ട് ചെയ്തിരിക്കുകയാണ്. ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല. വഴക്കൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, എന്തുകൊണ്ടെന്നറിയില്ല.
അർജുൻ കൊടുത്ത എം എ സി ടി കേസ് ഞങ്ങൾ തോറ്റു എന്ന നിലയിലാണ് പോലീസ് തന്നെ പറയുന്നത് . അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കർ ആണെന്നും , ഞങ്ങൾ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കേസ്. ഇന്‍ഷുറന്‍സ് കമ്പനിയല്ല മറിച്ച് ഞാന്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കാനാണ് അന്വേഷണം സംഘം ശ്രമിക്കുന്നത്. വിഷ്ണു, തമ്പി എന്നിവരൊക്കെയാണ് സ്വർണകടത്തിന് നേതൃത്വം കൊടുക്കുന്നത്.- ഉണ്ണി പറയുന്നു.