ന്യൂഡൽഹി : ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തന ഗൂഢാലോചന കേസിൽ എൻ ഐ എ തേടുന്ന ഭീകരനാണ് സൽമാൻ.
സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്ററിന്റെ നേതൃത്വത്തിൽ എൻ ഐ എയുടെയും, ഇന്റർപോളിന്റെ കിഗാലി നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൌത്യം നടത്തിയത്.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സൽമാനെതിരെ യുഎപിഎ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് എൻഐഎയുടെ ആവശ്യപ്രകാരം ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന സ്ഫോടന ഗൂഢാലോചനയിൽ ഇയാളും പങ്കാളിയായി.
ബെംഗളൂരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട യുവാക്കൾക്ക് സ്ഫോടക വസ്തുകൾ എത്തിച്ചതിൽ സൽമാന്റെ പങ്ക് ഏജൻസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 25 നാണ് ബെംഗളൂരു പൊലീസിൽ നിന്ന് എൻഐഎ കേസ് ഏറ്റെടുത്തത്.