കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുന്ന അടുത്ത 60 ദിവസം വരെ തുടരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറയുന്നത് മെയ് 4 ന് ശേഷം, തിരഞ്ഞെടുപ്പിനായി കൊണ്ടുവരുന്ന കേന്ദ്ര സേന പോകുമെന്നാണ്. മാത്രമല്ല സംസ്ഥാന പോലീസ് ബംഗാളിൽ തന്നെ തുടരും. എല്ലാ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവരുടെ കാര്യങ്ങൾ തീരുമാനമാക്കുമെന്നുമാണ് മമതയുടെ ഭീഷണി.
പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മമതയുടെ ഈ പരാമർശം. “ടിഎംസിയെ സഹായിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല; എങ്കിലും , ബംഗാളിലെ ജനങ്ങളെ മാത്രം മനസ്സിൽ വെച്ചുകൊണ്ട് നിങ്ങൾ നിഷ്പക്ഷമായി നിങ്ങളുടെ കടമകൾ നിർവഹിക്കണം. ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും പരിപാലിക്കും” എന്നും മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയിൽ പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ചും മുഖ്യമന്ത്രി ചോദ്യങ്ങൾ ഉന്നയിച്ചു. പോലീസ് നിഷ്പക്ഷത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അവർ കേന്ദ്ര സേനയുമായി സഹകരിക്കുകയാണെന്ന് മമത ആരോപിച്ചു .
ബിജെപിയെയും കേന്ദ്ര സർക്കാരിനെയും ലക്ഷ്യം വച്ചുകൊണ്ട്, ബംഗാൾ എങ്ങനെ ഭരിക്കണമെന്ന് നിർദ്ദേശിക്കേണ്ടത് അവരാണോ എന്നും മമത ചോദിച്ചു. ബംഗാളിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് കേന്ദ്രം ആദ്യം സ്വന്തം പ്രദേശങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മമത പറഞ്ഞു.
പഹൽഗാമിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല, പക്ഷെ ബംഗാളിൽ കേന്ദ്ര സേനയുടെ വലിയ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നിങ്ങൾ ബംഗാളിലല്ല, ഡൽഹിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.”- എന്നും മമത പറഞ്ഞു.

