ദക്ഷിണ സുഡാൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ചെറു വിമാനം തകർന്നുവീണ് 14 മരണം . വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും പൈലറ്റും അപകടത്തിൽ മരിച്ചു. രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് വിവരം പുറത്ത് വിട്ടത് .
മോശം കാലാവസ്ഥ കാരണം ദൃശ്യപരത കുറഞ്ഞതിനാലാണ് വിമാനം തകർന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി അതോറിറ്റി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്നവരിൽ രണ്ട് പേർ കെനിയൻ പൗരന്മാരാണെന്നും മറ്റുള്ളവരെല്ലാം ദക്ഷിണ സുഡാനീസ് പൗരന്മാരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂബയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള അപകടസ്ഥലത്തേക്ക് വിവരങ്ങൾ ശേഖരിക്കുന്നതിനും അടിയന്തര സേവനങ്ങളെ സഹായിക്കുന്നതിനുമായി പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അപകടത്തിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.

