കണ്ണൂർ: അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കണ്ണൂർ താന്നിക്കുന്ന് മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീത (50) നെയാണ് മകൻ ക്രിസ്റ്റി കൊലപ്പെടുത്തിയത് . ഇന്നലെ രാത്രി 10.30 നാണ് സംഭവം.
വാക്കുതർക്കത്തെ തുടർന്നാണ് ക്രിസ്റ്റി അമ്മയെ ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം നിർത്തി വീട്ടിലെത്തിയിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്നു. സംഭവസമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം വീട്ടിൽ താമസിച്ചിരുന്ന ക്രിസ്റ്റി അയൽക്കാരനെ വിളിച്ച് അദ്ദേഹത്തോടൊപ്പമാണ് കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങത് . പോലീസ് എത്തിയാണ് മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത് .
കേളകത്തും താന്നിക്കുന്നിലും ഗീതയ്ക്ക് ഒരു ബ്യൂട്ടി പാർലറും തയ്യൽ യൂണിറ്റും ഉണ്ടായിരുന്നു. ക്രിസ്റ്റിയെ കൂടാതെ ഗീതയ്ക്ക് ഒരു മകൾ കൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

