തിരുവനന്തപുരം : ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പാമ്പുകടിയേറ്റു മരിച്ച ദിൽഷന്റെ പിതാവ് ദിലീപ് . തന്റെ മകനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ദിലീപ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ ശാരീരികമായി പരിശോധിക്കുക പോലും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആശുപത്രിയില്‍ ആന്റി വെനം ലഭ്യമായിരുന്നിട്ടും അത് നല്കാന് ഡോക്ടര്‍മാര്‍ മടിച്ചുവെന്നും, കൃത്യമായ പരിശോധനകള്‍ നടത്താതെയാണ് കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു
‘ഞങ്ങൾ പാമ്പിനെ കണ്ടില്ല. അത് പാമ്പുകടിയേറ്റതാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല. അവിടെയുള്ള നഴ്സ് മാത്രമാണ് അവന്റെ കാലൊക്കെ പരിശോധിച്ചത്. ഡോക്ടർ എല്ലാം കാണുന്നുണ്ടായിരുന്നു. ശ്വസിക്കാൻ കഴിയുന്നില്ലെന്ന് എന്റെ മകൻ പറഞ്ഞിട്ടും അവർ ഒന്നും ചെയ്തില്ല. 10 മിനിറ്റ് അവിടെ നിന്നു. ഉടൻ തന്നെ ആംബുലൻസിൽ കൊണ്ടുപോകാൻ അവർ ഞങ്ങളോട് പറഞ്ഞു. ’ ദിലീപ് പറഞ്ഞു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ദിൽഷന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ചിറയിൻകീഴ് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

