2025 ഏപ്രിൽ 22 നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നത്. ഇതിന് തിരിച്ചടി എന്ന നിലയിലാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തത് . 2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്ത്, ഫത്തേ എന്ന പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈലാണ് ഡൽഹി ലക്ഷ്യമിട്ട് കുതിച്ചത് . എന്നാൽ ഡൽഹിയിലെത്തുന്നതിന് മുമ്പ് ഹരിയാനയ്ക്ക് മുകളിൽ വച്ച് മിസൈൽ ഇന്ത്യൻ വ്യോമസേന തടഞ്ഞു.
പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഫോർവേഡ് വ്യോമതാവളമായ സിർസ ആസ്ഥാനമായുള്ള ഇന്ത്യൻ വ്യോമസേന (IAF) യൂണിറ്റാണ് ഫത്തേ തടഞ്ഞത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ വ്യോമ പ്രതിരോധ ശൃംഖല അതീവ ജാഗ്രതയിലായിരുന്ന സമയത്താണ് പാകിസ്ഥാൻ മിസൈൽ ആക്രമണം നടത്താൻ തുനിഞ്ഞത് . വടക്കേ ഇന്ത്യയിലുടനീളം ആക്രമണ സാധ്യതയെക്കുറിച്ച് ഇന്റലിജൻസ് സൂചിപ്പിച്ചിരുന്നു. പ്രതിരോധം സജീവമാക്കാനും നിർദേശ്ശം നൽകിയിരുന്നു.
അതിർത്തിയോട് ചേർന്നുള്ളതും ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് എന്ന നിലയിലും സിർസ ഈ പ്രതിരോധ ഗ്രിഡിലെ നിർണായക നോഡായി മാറി. ഇവിടെ നിന്നാണ് ഐഎഎഫ് യൂണിറ്റ് മിസൈൽ ഭീഷണി കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ഒടുവിൽ നിർവീര്യമാക്കുകയും ചെയ്തത്.
45 വിംഗിന്റെ എയർ ഓഫീസർ കമാൻഡിംഗ് ആയ എയർ കമ്മഡോർ രോഹിത് കപിലാണ് ഇന്റർസെപ്ഷൻ ഓപ്പറേഷന് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, സംഘർഷ ഘട്ടത്തിൽ യൂണിറ്റ് പ്രതിരോധപരവും ആക്രമണപരവുമായ തയ്യാറെടുപ്പ് നടപടികൾ സജ്ജമാക്കി.
ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഉപരിതല-വായു മിസൈൽ സംവിധാനമായ ബരാക്-8 ഉപയോഗിച്ചാണ് മിസൈൽ നിർവീര്യമാക്കിയത്. വിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികളെ തടയുന്നതിനാണ് ബരാക്-8 സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് സിർസയിൽ ബരാക്-8 ഉപയോഗിച്ച് യുദ്ധസമാനമായ സാഹചര്യം തന്നെ ഒരുക്കിയിരുന്നു.
മിസൈലിനെ ആകാശത്തുവെച്ചുതന്നെ നശിപ്പിക്കുകയും നിലത്ത് വീണാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുകയും ചെയ്തുകൊണ്ട് കൃത്യതയോടെയാണ് ഇന്റർസെപ്ഷൻ നടത്തിയത്. ഇന്റർസെപ്ഷനെ തുടർന്നുള്ള ദിവസങ്ങളിൽ, സിർസയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ ഭീഷണിയുടെ വ്യാപ്തി പ്രതീക്ഷിച്ചതിലുമധികമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു.
മിസൈൽ തടഞ്ഞില്ലായിരുന്നെങ്കിൽ, അനന്തരഫലങ്ങൾ ഗുരുതരമാകുമായിരുന്നു. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമ പ്രതിരോധ തന്ത്രത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുന്നു. സുദർശൻ പ്രോഗ്രാമിന് കീഴിൽ രാജ്യവ്യാപകമായി, ബഹുതല പ്രതിരോധ കവചം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നിലവിൽ നടന്നുവരികയാണ്.
എസ്-400, ബരാക്-8, തദ്ദേശീയ ഇന്റർസെപ്റ്റർ സാങ്കേതികവിദ്യകൾ തുടങ്ങിയ നൂതന പ്ലാറ്റ്ഫോമുകൾ സംയോജിപ്പിച്ച് സമഗ്രമായ സംരക്ഷണ ഗ്രിഡ് സൃഷ്ടിക്കുക എന്നതാണ് ഈ സംയോജിത സംവിധാനത്തിന്റെ ലക്ഷ്യം.

