ഡബ്ലിൻ: അയർലൻഡിൽ കാർബൺ ടാക്സ് വർധിപ്പിക്കുന്നകാര്യം ബജറ്റിൽ അധികപ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻ തീരുമാനം അനുസരിച്ച് മെയ് 1 മുതൽ കാർബൺ ടാക്സ് വർധനവ് പ്രാബല്യത്തിൽ വരുമായിരുന്നു.
നിലവിൽ പെട്രോളിനും ഡീസലിനും പുറന്തള്ളുന്ന 1 ടൺ കാർബൺ ഡൈഓക്സൈഡിന് 71 യൂറോ നിരക്കിലാണ് നികുതി ഈടാക്കുന്നത്. എന്നാൽ വർധനവ് പ്രാബല്യത്തിൽ വരുമ്പോൾ ഇത് വർധിക്കും. ഹോം ഹീറ്റിംഗ് ഓയിൽ പോലുള്ള മറ്റ് ഇന്ധനങ്ങൾക്ക്, നിലവിലെ കാർബൺ ടാക്സ് എന്നത് 63.50 യൂറോയാണ്. അടുത്ത മാസം പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇത് 71 യൂറോ ആയി ഉയരുമായിരുന്നു. അതേസമയം നികുതി വർധനവ് ഒക്ടോബറിലേക്ക് മാറ്റിവയ്ക്കുന്നതുവഴി സർക്കാരിന് 22 മില്യൺ യൂറോയുടെ നഷ്ടമാണ് ഉണ്ടാകുക.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഊർജ്ജ ചിലവുകളിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് മറികടക്കുന്നതിനായുള്ള 750 മില്യൺ യൂറോയിലധികം വരുന്ന നടപടികളുടെ ഭാഗമാണ് കാർബൺ നികുതി കൂട്ടാനുള്ള നീക്കം.

