എൽഡിഎഫിനും യുഡിഎഫിനും വഴിമാറിയിട്ടുള്ള മണ്ഡലമാണ് കണ്ണൂർ ജില്ലയിലെ കണ്ണൂർ നിയമസഭാമണ്ഡലം. എങ്കിലും ഒരൽപ്പം മുൻതൂക്കം യുഡിഎഫിനാണ്. മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി നടക്കാനിരിക്കുമ്പോൾ മണ്ഡലത്തിൽ ഏറ്റുമുട്ടുന്നത് ആകട്ടെ കേരള രാഷ്ട്രീയത്തിലെ കരുത്തന്മാരും.
കേരളത്തിലെ നിയമസഭാമണ്ഡലങ്ങളിൽ 11ാം നമ്പർ മണ്ഡലമാണ് കണ്ണൂർ. 1957 ൽ നിലവിൽ വന്നു. എന്നാൽ ആദ്യ തിരഞ്ഞെടുപ്പുകളിൽ കാനന്നൂർ I എന്നും കാനന്നൂർ-II എന്നും മണ്ഡലത്തെ വേർതിരിച്ചിരുന്നു. 1965 ലെ പുനർനിർണയത്തിന് ശേഷമാണ് കണ്ണൂർ നിയമസഭാമണ്ഡലം രൂപം കൊണ്ടത്. എന്നാൽ 2008 ൽ വീണ്ടും നിയമസഭാ പുനർനിർണയത്തിന് കണ്ണൂർ മണ്ഡലം വിധേയമായി. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 40 ഡിവിഷനുകളും, മുണ്ടേരി ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്നതാണ് നിലവിലെ കണ്ണൂർ നിയമസഭാമണ്ഡലം.
1957 ലെ തിരഞ്ഞെടുപ്പിൽ സിപിഐ ആയിരുന്നു മണ്ഡലത്തിൽ വിജയം നേടിയത്. കാനന്നൂർ I ൽ സിപിഐയുടെ സി കണ്ണനും കാനന്നൂർ II ൽ സിപിഐയുടെ കെ.പി ഗോപാലനും ആയിരുന്നു വിജയിച്ചത്. 1960 ൽ കാനന്നൂർ II ൽ നിന്നും പി. മാധവനും, കാനന്നൂർ I ൽ നിന്നും ആർ ശങ്കറും വിജയിച്ചു. കോൺഗ്രസിന്റെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു ആർ ശങ്കർ.
1965 ലെ മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി കെ. എം അബൂബക്കർ ആയിരുന്നു വിജയിച്ചത്. പിന്നീട് 67 ലെ തിരഞ്ഞെടുപ്പിൽ ഇ. അഹമ്മദ് വിജയിച്ചു. 1970 ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയം ആയിരുന്നു ഫലം.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.കെ കുമാരൻ മണ്ഡലത്തിൽ വിജയിച്ചു. എന്നാൽ 1977 ലെ തിരഞ്ഞെടുപ്പിൽ എൻ.കെ കുമാരനെ പരാജയപ്പെടുത്തി ജനതാപാർട്ടിയുടെ പി. ഭാസ്കരൻ മണ്ഡലത്തിൽ വിജയിച്ചു. 1987 വരെ അദ്ദേഹം ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991 ൽ കോൺഗ്രസിന്റെ എൻ രാമകൃഷ്ണൻ മണ്ഡലത്തിൽ നിന്നും ജയിച്ചുകയറി. 1996 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കരുത്തൻ കെ. സുധാകരൻ മണ്ഡലം പിടിച്ചെടുത്തു. പിന്നീട് 2016 വരെ മണ്ഡലം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതം. സുധാകരന് പിന്നാലെ 2016 ലെ തിരഞ്ഞെടുപ്പിൽ രാമചന്ദ്രൻ കടന്നപ്പള്ളി മണ്ഡലത്തിൽ നിന്നും വിജയിച്ചു. അങ്ങനെ ദീർഘകാലത്തിന് ശേഷം മണ്ഡലം എൽഡിഎഫിന്റെ കൈവശം എത്തി. കോൺഗ്രസ് (എസ്) സ്ഥാനാർത്ഥി ആയിട്ടായിരുന്നു അദ്ദേഹം മത്സരിച്ചത്. 2021 ലും അദ്ദേഹം വിജയം ആവർത്തിച്ചു.
ഇക്കുറിയും കണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത് രാമചന്ദ്രൻ കടന്നപ്പളളിയാണ്. ഹാട്രിക് ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മണ്ഡലം ഇക്കുറി കൈക്കലാക്കാൻ കച്ചമുറുക്കിയാണ് യുഡിഎഫിന്റെ ടി.ഒ മോഹനന്റെ അങ്കപ്പുറപ്പാട്. മണ്ഡലത്തിൽ ചരിത്രം കുറിയ്ക്കുക ലക്ഷ്യമിട്ടാണ് എൻഡിഎ സ്ഥാനാർത്ഥി സി. രഘുനാഥ് മത്സരിക്കുന്നത്.

