കേരളത്തിലെ നിയോജകമണ്ഡലങ്ങളിൽ മൂന്നാം നമ്പർ മണ്ഡലമാണ് കാസർകോട് ജില്ലയിലെ ഉദുമ. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്ന്. എന്നാൽ യുഡിഎഫിലേക്കും സ്വതന്ത്രനിലേക്കും ചാഞ്ഞ ചരിത്രം ഉദുമ മണ്ഡലത്തിന് ഉണ്ട്.
1977 ലാണ് ഉദുമ നിയോജകമണ്ഡലം നിലവിൽവന്നത്. ഉദുമയുടെ വോട്ടെടുപ്പ് ചരിത്രം പരിശോധിച്ചാൽ തുടക്കം മുതലേ എൽഡിഎഫിന്റെ സ്വാധീനം വ്യക്തം. കാസർകോട് താലൂക്കിൽ ഉൾപ്പെടുന്ന ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക. മുളിയാർ, കുറ്റിക്കോൽ എന്നീ ഗ്രാമപഞ്ചായത്തുകളും, ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ- പെരിയ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് ഉദുമ നിയമസഭാമണ്ഡലം. 2021 ലെ കണക്കുകൾ പ്രകാരം 2,14,209 വോട്ടർമാർ മണ്ഡലത്തിലുണ്ട്. എൽഡിഎഫിന്റെ സിഎച്ച് കുഞ്ഞമ്പുവാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സ്വതന്ത്രസ്ഥാനാർത്ഥിയുടെ വിജയത്തിലൂടെയാണ് ഉദുമ നിയമസഭാമണ്ഡലത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി എൻ.കെ ബാലകൃഷ്ണൻ ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 1980 ൽ എന്നാൽ എംഎൽഎ സ്ഥാനം ഇടതിന്റെ കെ. പുരുഷോത്തമന് സ്വന്തമായി. പിന്നീട് 1982 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച എം.കെ നമ്പ്യാർക്ക് വേണ്ടി മണ്ഡലം വഴിമാറി. 1985 ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ. പുരുഷോത്തമൻ മണ്ഡലം പിടിച്ചെടുത്തു.
1987 ലാണ് യുഡിഎഫ് ഉദുമയിൽ അക്കൗണ്ട് തുറക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കെ.പി കുഞ്ഞിക്കണ്ണൻ ആയിരുന്നു ഇവിടെ നിന്നും വിജയിച്ചത്. ചരിത്രത്തിൽ ഇതുവരെ അദ്ദേഹം മാത്രമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് പ്രതിനിധി. 1991 ൽ മണ്ഡലത്തിൽ നിന്നും വിജയിച്ച പി. രാഘവൻ 2006 വരെ എംഎൽഎ ആയി തുടർന്നു. 2006 ൽ ഇടതിന്റെ കെ. കുഞ്ഞിരാമൻ വിജയിച്ചു. 2021 വരെ കുഞ്ഞിരാമൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
ഇക്കുറി മണ്ഡലം പിടിയ്ക്കാൻ സിറ്റിംഗ് എംഎൽഎയെ തന്നെയാണ് ഇടത് പക്ഷം മുന്നോട്ട് ഇറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ സി.എച്ച് കുഞ്ഞമ്പുവിന്റെ സ്വാധീനം വോട്ടുകളായി മാറുമെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. സിറ്റിംഗ് എംഎൽഎയെ നേരിടാൻ ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത് മനുലാൽ മേലോത്തിനെയാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി കെ. നീലകണ്ഠനും മത്സരിക്കുന്നു.

