2008 ലെ നിയമസഭാ പുനർനിർണയം ജന്മം നൽകിയ മണ്ഡലമാണ് മലപ്പുറം ജില്ലയിലെ തവനൂർ. കുറ്റിപ്പുറം നിയമസഭാമണ്ഡലം പുനർനിർണയിച്ചതോടെയാണ് തവനൂർ മണ്ഡലം നിലവിൽവന്നത്. കെ.ടി ജലീലെന്ന രാഷ്ട്രീയ വമ്പനിലൂടെ തവനൂർ ഇപ്പോൾ ചെങ്കോട്ടയായി തുടരുന്നു.
പൊന്നാനി താലൂക്കിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, തിരൂർ താലൂക്കിലെ പുറത്തൂർ, മംഗലം, തൃപ്രങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകൾ കൂടിച്ചേർന്നതാണ് തവനൂർ നിയമസഭാമണ്ഡലം. 2021 ലെ കണക്കുകൾ പ്രകാരം 1, 99,960 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. പൊന്നാനി ലോക്സഭാമണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് തവനൂർ.
2011ലാണ് തവനൂർ മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 6854 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിജയം. പിന്നീട് 2016 ലും 2021 ലും അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങിയ തവനൂരിൽ നാലാം ജയം ലക്ഷ്യമിട്ട് എൽഡിഎഫിന് വേണ്ടി ഇക്കുറിയും മത്സരിക്കാനെത്തുന്നത് കെ.ടി ജലീൽ തന്നെയാണ്. ചരിത്രം ഇക്കുറിയും ആവർത്തിക്കുമെന്ന് മനസിൽ ഉറപ്പിച്ചാണ് അദ്ദേഹം തവനൂരിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ ചുവടുറപ്പിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷം തെല്ലൊരു ആശങ്കസൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫിറോസ് കുന്നുമ്പറമ്പിൽ ആയിരുന്നു ജലീലിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ജലീലിന്റെ കുത്തകയായ മണ്ഡലത്തിൽ 67794 വോട്ടുകൾ നേടാൻ ഫിറോസ് കുന്നുമ്പറമ്പിലിന് സാധിച്ചു. 70,358 ആയിരുന്നു ജലീൽ നേടിയ വോട്ടുകളുടെ എണ്ണം. 2016 ൽ 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ജലീലിന്റെ കഴിഞ്ഞ തവണത്തെ വിജയം പാടുപെട്ടാണെന്ന് പറയേണ്ടിവരും. കാരണം 2,564 വോട്ടുകളായിരുന്നു കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ ഭൂരിപക്ഷം.
ജലീലിൽ നിന്നും ചെങ്കോട്ട പിടിച്ചെടുക്കാൻ ഇക്കുറി യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി എത്തുന്നത് വി.എസ് ജോയ് ആണ്. രവി തേലത്ത് ആണ് മണ്ഡലത്തിൽ നിന്നും ഇക്കുറി ജനവിധി തേടുന്ന എൻഡിഎ സ്ഥാനാർത്ഥി.

