വേനൽ ചൂടിൽ മാത്രമല്ല, തിരഞ്ഞെടുപ്പ് ചൂടിലും വെന്തുരുകുകയാണ് കേരളം. ഓരോ മുന്നണികളും തങ്ങളുടെ നേട്ടങ്ങളും എതിരാളികളുടെ കോട്ടങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് വീടുകൾ തോറും കയറി ഇറങ്ങി വോട്ടുകൾ ഉറപ്പിക്കുകയാണ്. രാഷ്ട്രീയ പാശ്ചാത്തലം വച്ച് നോക്കുമ്പോൾ കേരളം കണ്ട ഏറ്റവും ശക്തമായ നിയമസഭാ തിരഞ്ഞെടുപ്പായിരിക്കും 2026 ലേതെന്ന് വ്യക്തം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. കേരളത്തിലെ 16 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ഏറ്റുമുട്ടിയ സ്ഥാനാർത്ഥികൾ തന്നെയാണ് ഇക്കുറിയും നേർക്കുനേർ പോരാടുന്നത്.
മഞ്ചേശ്വരം, സുൽത്താൻ ബത്തേരി, കുറ്റ്യാടി, തൃത്താല, മലമ്പുഴ, ഇരിങ്ങാലക്കുട, കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം, പാല, കോട്ടയം, പൂഞ്ഞാർ, അരൂർ, ചവറ, പത്തനാപുരം, ചടയമംഗലം എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് 2021 ൽ മത്സരിച്ചവർ തന്നെ വീണ്ടും ഭാഗ്യപരീക്ഷണത്തിന് എത്തുന്നത്. മഞ്ചേശ്വരത്ത് എൻഡിഎയ്ക്കായി 2021ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് കെ. സുരേന്ദ്രൻ ആയിരുന്നു. ഇക്കുറിയും എൻഡിഎയ്ക്കായി കളത്തിലിറങ്ങുന്നത് അദ്ദേഹമാണ്. യുഡിഎഫിന് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ച എകെഎം അഷ്റഫ് ഇക്കുറിയും മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുണ്ട്.
സുൽത്താൻ ബത്തേരിയിൽ യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ ഐ സി ബാലകൃഷ്ണനെ നേരിടാൻ ഇടതിന്റെ സ്ഥാനാർത്ഥിയായി എത്തുന്നത് എംഎസ് വിശ്വനാഥനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഐസി ബാലകൃഷ്ണനെതിരെ മത്സരിച്ചത് വിശ്വനാഥൻ ആയിരുന്നു. കുറ്റ്യാടിയിൽ സിറ്റിംഗ് എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടിയിലൂടെ മണ്ഡലം നിലനിർത്തുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. എന്നാൽ മണ്ഡലം പിടിച്ചെടുക്കാൻ 2021 ലേതിന് സമാനമായി 2026 ലും യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് ലീഗിന്റെ പാറക്കൽ അബ്ദുള്ളയെ ആണ്.
പാലക്കാട്ടെ നിർണായക മണ്ഡലങ്ങളായ തൃത്താലയിലും മലമ്പുഴയിലും പരസ്പരം ഏറ്റുമുട്ടാൻ എത്തുന്നത് കഴിഞ്ഞ വർഷത്തെ സ്ഥാനാർത്ഥികൾ തന്നെയാണ്. 2021 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എംബി രാജേഷും, വി.ടി ബൽറാമും തന്നെയാണ് ഇക്കുറിയും മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 3,016 വോട്ടുകൾക്കായിരുന്നു ബൽറാം മണ്ഡലം കൈവിട്ടത്. മലമ്പുഴയിൽ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഭാകരനെ നേരിട്ടത് എൻഡിഎയുടെ സി. കൃഷ്ണകുമാർ ആയിരുന്നു. ഇക്കുറിയും ഇരുവരുമാണ് മലമ്പുഴയിൽ അങ്കം കുറിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുടയിൽ എൽഡിഎഫിന് വേണ്ടി ആർ ബിന്ദുവും, യുഡിഎഫിന് വേണ്ടി തോമസ് ഉണ്ണിയാടനും ആയിരുന്നു മത്സരിച്ചത്. ഇക്കുറിയും ഇരുവരും തമ്മിലാണ് മണ്ഡലത്തിൽ കൊമ്പുകോർക്കൽ. കളമശ്ശേരിയിൽ 2021 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായത് പി.രാജീവും യുഡിഎഫ് സ്ഥാനാർത്ഥിയായത് വി.ഇ അബ്ദുൾ ഗഫൂറും ആയിരുന്നു. കളമശ്ശേരിയിൽ നിന്നും ഇക്കുറിയും ഇരുവരും ജനവിധി തേടുന്നുണ്ട്. കുന്നത്തുനാട്ടിൽ കഴിഞ്ഞതവണ ഏറ്റുമുട്ടിയത് സിപിഎമ്മിന്റെ പി.വി ശ്രീനിജനും കോൺഗ്രസിന്റെ വി.പി സജീന്ദ്രനും ആയിരുന്നു. ഇക്കുറിയും ഇവർ തന്നെ മണ്ഡലത്തിൽ നിന്നും ബലാബലം പരീക്ഷിക്കുന്നു. കോതമംഗലത്ത് കഴിഞ്ഞ തവണ മത്സരിച്ച സിപിഎമ്മിന്റെ ആന്റണി ജോണും, കേരളാ കോൺഗ്രസിന്റെ ഷിബു തെക്കുംപുറവും തമ്മിലാണ് ഇക്കുറിയും ഏറ്റുമുട്ടുന്നത്.
കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയായ ജോസ്. കെ മാണിയും, കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവ് മാണി സി കാപ്പനും തമ്മിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലം ആയിരുന്നു പാല. ഇക്കുറിയും ഇരുവരും ഇവിടെ നിന്നും മത്സരിക്കുന്നുണ്ട്. കോട്ടയത്ത് എൽഡിഎഫിന് വേണ്ടി മത്സരിച്ച കെ. അനിൽ കുമാറും, യുഡിഎഫിന് വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനും ആയിരുന്നു 2021 ൽ ഏറ്റുമുട്ടിയത്. ഇക്കുറിയും മണ്ഡലത്തിൽ ഇരുവരുമാണ് അങ്കം കുറിച്ചിരിക്കുന്നത്.
പൂഞ്ഞാർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുക പിസി ജോർജിന്റെ മുഖമാണ്. കഴിഞ്ഞ തവണ കേരള ജനപക്ഷം ( സെക്യുലർ) പാർട്ടിയെ പ്രതിനിധീകരിച്ച് അദ്ദേഹം മണ്ഡലത്തിൽ മത്സരിച്ചിരുന്നു. എന്നാൽ ഇക്കുറി ബിജെപി സ്ഥാനാർത്ഥിയായിട്ടാണ് പി.സി ജോർജ് കളത്തിലിറങ്ങുന്നത്. സെബാസ്റ്റിയൻ കുളത്തിങ്കൽ തന്നെയാണ് ഇവിടെ നിന്നും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി.
രണ്ട് വനിതാ നേതാക്കൾ തമ്മിൽ കൊമ്പുകോർത്ത മണ്ഡലമാണ് അരൂർ. 2021 ൽ എൽഡിഎഫിനായി സിപിഎം നേതാവ് ദലീമയും, യുഡിഎഫിനായി കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനും മത്സരിച്ചു. ഇക്കുറിയും ഇവർ നേർക്കുനേർ എത്തുകയാണ്. ചവറയിൽ എൽഡിഎഫ് സ്വതന്ത്രനായി സുജിത് വിജയൻ പിള്ളയും, യുഡിഎഫിനായി ആർഎസ്പിയുടെ ഷിബു ബേബി ജോണുമാണ് ഇക്കുറി മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ഇവർ ആയിരുന്നു മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ.
കേരള രാഷ്ട്രീയത്തിലെ രണ്ട് കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന മണ്ഡലമാണ് പത്തനാപുരം. എൽഡിഎഫിന്റെ കെ.ബി ഗണേഷ് കുമാറും യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാലയും ഇക്കുറിയും പരസ്പരം മണ്ഡലത്തിൽ നിന്നും ഏറ്റുമുട്ടുകയാണ്. ചടയമംഗലത്ത് കഴിഞ്ഞ തവണ എൽഡിഎഫിന് വേണ്ടി മത്സരിച്ച ജെ. ചിഞ്ചു റാണിയും യുഡിഎഫിന് വേണ്ടി മത്സരിച്ച എൻ എം നസീറും ആണ് ഇക്കുറിയും ജനവിധി തേടുന്നത്.

