കുമളി ; തേക്കടിയിൽ ഇസ്രായേൽ സ്വദേശികളെ അപമാനിച്ച് ഇറക്കിവിട്ട ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് എന്ന സ്ഥാപനം പൂട്ടി . സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണിത് . കുമളിയിൽ തന്നെ കടകൾ നടത്തുന്ന നിരവധി കശ്മീർ വ്യാപാരികളുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.
ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്ന് പോകുകയായിരുന്ന ജർമ്മൻ സ്വദേശി ഓഡെഡ് , ഇസ്രായേൽ സ്വദേശി കലാനിർ എന്നിവരെ കടയിലെ ജീവനക്കാരനായ കാശ്മീർ സ്വദേശി ഫയാസ് അഹമ്മദ് റാദർ വിളിച്ചു കയറ്റുകയായിരുന്നു. കരകൗശല വസ്തുക്കൾ കാണിക്കുന്നതിനിടെ ഇവരുടെ സ്വദേശം മനസിലാക്കിയ റാദർ ലൈറ്റുകൾ അണച്ച ശേഷം ഇവരോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു. അധിക്ഷേപിക്കുകയും ചെയ്തു.
വിനോദസഞ്ചാരികൾ ഈ വിവരം തങ്ങൾ വന്ന കാറിന്റെ ഡ്രൈവറെ അറിയിച്ചു . ഇദ്ദേഹമാണ് വിവരം വ്യാപാരി വ്യവസായി സമിതിയിൽ അറിയിച്ചത് . സമീപത്തെ കടക്കാരും വ്യാപാരി വ്യവസായ സമിതി ഭാരവാഹികളും കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഹയാസ് അഹമ്മദ് മാപ്പ് പറഞ്ഞു. എന്നാൽ ജീവനക്കാരനെ പുറത്താക്കി , കട അടച്ചിടാനായിരുന്നു പോലീസ് നിർദേശം .
വിഷയത്തിൽ പരാതി ഇല്ലെന്ന് ഇസ്രായേൽ സ്വദേശികൾ പൊലീസിനെ അറിയിച്ചിരുന്നു. അതേസമയം കശ്മീർ വ്യാപാരികൾക്ക് ഇനി കെട്ടിടം വാടകയ്ക്ക് നൽകില്ലെന്നാണ് കെട്ടിട ഉടമയുടെ നിലപാട്.