കോഴിക്കോട് : വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . വീട് വച്ച് നൽകാമെന്ന തങ്ങളുടെ വാഗ്ദാനത്തിൽ കേരളം ഇതുവരെ പ്രതികരിച്ചില്ലെന്നാണ് സിദ്ധരാമയ്യ കത്തിൽ പറയുന്നത് . 100 വീട് വച്ച് നൽകാമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്നും , എന്നാൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറയുന്നു.
കേരള – കർണാടക ചീഫ് സെക്രട്ടറി തലത്തിലും വിഷയം ചർച്ച ചെയ്തിരുന്നു . വാഗ്ദാനം നടപ്പാക്കാൻ തങ്ങൾ ഇപ്പോഴും തയ്യാറാണ് . കേരളത്തിന്റെ മറുപടി ലഭിക്കാത്തതാണ് വാഗ്ദാനം പാലിക്കാൻ തടസം . ഭൂമി വാങ്ങി വീട് വച്ച് ദുരന്തബാധിതർക്ക് നൽകാമെന്നും സിദ്ധരാമയ്യ കത്തിൽ പറയുന്നു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം റിപ്പോർട്ട് നൽകിയത് വൈകിയാണെന്ന് നേരത്തെ അമിത് ഷായും വ്യക്തമാക്കിയിരുന്നു . അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിദ്ധരാമയ്യയുടെ വാദം. വയനാട് ദുരന്തത്തിൽ സഹായം ആവശ്യപ്പെട്ട് കേരളം റിപ്പോർട്ട് നൽകിയത് നവംബർ 13 നാണെന്നും , റിപ്പോർട്ട് വൈകിയതിനാലാണ് സഹായം അനുവദിക്കാൻ വൈകുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.