ന്യൂയോർക്ക് : സിറിയയിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം . ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ഷദ്ദാദിയിൽ യുഎസ് സൈനികർക്ക് നേരെ ഉണ്ടായ റോക്കറ്റ് ആക്രമണങ്ങൾക്കുണ്ടായ തിരിച്ചടിയായിരുന്നു യുഎസ് സെൻട്രൽ കമാൻഡ് സേനയുടെ ഈ ആക്രമണം.കഴിഞ്ഞ ദിവസമാണ് യുഎസ് സൈന്യത്തിന് നേരെ ഭീകരർ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയത്. യുഎസ് നടത്തിയ തിരിച്ചടിയിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
ഭീകരരുടെ ആയുധ സംഭരണ കേന്ദ്രത്തിനും, ലോജിസ്റ്റിക്സ് ആസ്ഥാനത്തിനും നേരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സേന തന്നെയാണ് ‘ എക്സിൽ ‘ വ്യക്തമാക്കിയത്. ഒൻപതോളം ഇടങ്ങളിലാണ് ഒരേ സമയം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്.
കഴിഞ്ഞ വർഷം ഇസ്രായേലിൽ ഹമാസ് ഭീകരർ ആക്രമണം നടത്തിയ ശേഷം അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഇറാൻ അനുകൂല തീവ്രവാദ സംഘടനകൾ യുഎസ് സേനയെ ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടത്തുന്നത് .
” ആക്രമണത്തിൽ തങ്ങളുടെ സൈനികർക്ക് പരിക്കേൽക്കുകയോ, നാശനഷ്ടം ഉണ്ടാകുകയോ ചെയ്തിട്ടില്ല.ഈ തിരിച്ചടികൾ ഇറാന്റെ പിന്തുണയുള്ള മറ്റ് ഭീകര സംഘടനകൾക്ക് ആക്രമണങ്ങൾ ആസൂത്രണം ചെയ്യാതിരിക്കാനുള്ള മുന്നറിയിപ്പാണ് ‘ എന്നും പോസ്റ്റിൽ പറയുന്നു. യുഎസ് സേനയ്ക്കെതിരെയുള്ള ആക്രമണങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്ന് യുഎസ് സെൻട്രൻ കമാൻഡ് ഓഫീസർ ജനറൽ മൈക്കൽ എറിക് കുറില്ല മുന്നറിയിപ്പ് നൽകി.