തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും മികച്ച പോളിംഗ്. രണ്ടിടത്തും ഉച്ചയോടെ പോളിംഗ് ശതമാനം 40 കടന്നു. ഒന്നരയ്ക്ക് പുറത്തുവന്ന വിവരമനുസരിച്ച് ചേലക്കരയിൽ 44.35 ശതമാനവും വയനാട്ടിൽ 40.64 ശതമാനവുമാണ് പോളിംഗ്.
ഇരു മണ്ഡലങ്ങളിലും രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായി. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി.
കേരളത്തിന് പുറമേ പശ്ചിമ ബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാനിൽ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിലെ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു. കൽപ്പാത്തി രഥോത്സവം പ്രമാണിച്ചാണ് പാലക്കാട്ടെ വോട്ടെടുപ്പ് മാറ്റിയിരിക്കുന്നത്.