ചെന്നൈ : സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കുന്നതിനുള്ള സമുദ്രയാൻ പദ്ധതിയുടെ കടലിലെ പരീക്ഷണം അടുത്തമാസം തുടങ്ങും. . ഈ പദ്ധതിക്കുവേണ്ടിയുള്ള അന്തർവാഹിനി ‘മത്സ്യ 6000’ യുടെ നിർമാണം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ (എൻ.ഐ.ഒ.ടി.) പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അന്തർവാഹിനിയിൽ മൂന്നുപേരെ സമുദ്രത്തിൽ 6000 മീറ്റർ താഴെയെത്തിക്കുകയാണ് ലക്ഷ്യം.
ആളെക്കയറ്റാതെ ചെന്നൈ തീരത്ത് കടലിലായിരിക്കും അടുത്ത മാസത്തെ പരീക്ഷണം. അടുത്ത മാർച്ചോടെ ആഴക്കടലിൽ 500 മീറ്റർ താഴെ വരെ ഇറക്കി പരീക്ഷണം തുടരും. ഇതിന്റെ തുടർച്ചയായിട്ടാണ് മൂന്നുപേരെ കടലിൽ 6,000 മീറ്റർ താഴെയെത്തിച്ച് പര്യവേഷണം നടത്തുന്ന സമുദ്രയാൻ പദ്ധതി നടപ്പിലാക്കുക.
സമുദ്രാന്തർഭാഗത്തെ അമൂല്യ മൂലകങ്ങളെയും ധാതുക്കളെയും കുറിച്ച് പഠിക്കുകയാണ് സമുദ്രയാനിന്റെ ലക്ഷ്യം.12 മണിക്കൂർ നേരം കടലിനടിയിയിൽ കഴിയാനാവുന്ന രീതിയിലാണ് മത്സ്യ രൂപകല്പന ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ 96 മണിക്കൂർ നേരം വരെ ഓക്സിജൻ ലഭ്യമാകും.
ചന്ദ്രയാനും, ഗഗൻ യാനും, ആദിത്യയ്ക്കുമൊപ്പമാണ് സമുദ്രയാനും മുന്നോട്ട് പോകുന്നത് .