ദോഹ: ഹമാസിനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ. യുഎസ് സമ്മർദ്ദത്തിന് പിന്നാലെയാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്. ദോഹയിലെ ഹമാസിന്റെ സാന്നിദ്ധ്യം സ്വീകാര്യമല്ലെന്നാണ് യുഎസ് നിലപാട്. 2012 മുതൽ ഹമാസിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലാണ്.
ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കില്ലെന്നും ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടി അംഗീകരിക്കില്ലെന്നും ഹമാസ് തീരുമാനമെടുത്തിരുന്നു. യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ദോഹയിൽ ഹമാസിൻ്റെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് യുഎസ് അറിയിച്ചത്.
അമേരിക്കയ്ക്കും ഈജിപ്തിനുമൊപ്പം ഗാസയിൽ ഒരു വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. മോചന നിർദേശങ്ങൾ നിരസിച്ചതോടെ ഹമാസ് നേതാക്കളെ ഇനി ഒരു അമേരിക്കൻ പങ്കാളിയുടെയൂം തലസ്ഥാനങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന നിലപാടുമുണ്ടായി. ആഴ്ചകൾക്ക് മുൻപ് ഒരു ബന്ദിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും ഹമാസ് നിരസിച്ചു
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഹമാസ് ഓഫീസ് പ്രവർത്തിപ്പിക്കുമെന്നും അതിനായി അനുമതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നിർദ്ദേശം.