ന്യൂയോർക്ക്: മരണത്തിന് ശേഷം ജീവിതമുണ്ടോ? നമ്മളിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടുള്ളവരോ കേട്ടിട്ടുള്ളവരോ ആയിരിക്കും. മരണാനന്തര ജീവിതം യാഥാർത്ഥ്യമാണെന്നാണ് ഒട്ടുമിക്ക മതങ്ങളും പഠിപ്പിക്കുന്നത്. എന്നാൽ, മരണാനന്തര ജീവിതത്തിന് തെളിവില്ലെന്നും, അതുകൊണ്ട് തന്നെ അത്തരം ഒരു ആശയം അശാസ്ത്രീയവും അയാഥാർത്ഥവുമാണ് എന്നുമാണ് യുക്തിവാദികളുടെയും ഭൗതികവാദികളുടെയും അഭിപ്രായം.
എന്നാൽ മരണാനന്തര ജീവിതം ഉണ്ടെന്ന വാദത്തിന് ബലം പകരുന്ന ചില പഠനഫലങ്ങൾ നിരത്തുകയാണ് അമേരിക്കയിലെ ഒരു ജീവശാസ്ത്രജ്ഞൻ. മരണത്തിന്റെ പടിവാതിൽക്കലെത്തി ജീവിതത്തിലേക്കി മടങ്ങി വന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ അനുഭവങ്ങൾ ക്രോഡീകരിച്ചാണ് അദ്ദേഹം തന്റെ വാദമുഖം അവതരിപ്പിക്കുന്നത്.
ന്യൂയോർക്ക് സർവ്വകലാശാലയിലെ ലാംഗോൺ മെഡിക്കൽ സെന്ററിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡോക്ടർ സാം പാർണിയ. പല കാരണങ്ങളാൽ ഹൃദയസ്തംഭനമുണ്ടായി അബോധാവസ്ഥയിലായ പതിനായിരക്കണക്കിന് രോഗികളെ അതിതീവ്ര പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ള അദ്ദേഹം, അത്തരം രോഗികളുടെ അനുഭവങ്ങളും തന്റെ ഗവേഷണത്തിന് മുതൽക്കൂട്ടാക്കിയിട്ടുണ്ട്.
താൻ പഠനവിധേയരാക്കിയ രോഗികൾ മരണം മുന്നിൽക്കണ്ട് കിടക്കുമ്പോൾ തങ്ങളുടെ മാത്രമല്ല, മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നിന്ന് കൂടി കാര്യങ്ങളെ വിശകലനം ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു. ഇത്തരം അനുഭവങ്ങൾ ഇതിന് മുൻപും പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരു സാദ്ധ്യതയുമില്ലെന്ന് കണ്ട്, സാങ്കേതികമായി മരിച്ചു എന്ന് വിധിയെഴുതപ്പെട്ടവരുടെ അനുഭവങ്ങളാണ് കൂടുതൽ തീക്ഷ്ണമായത് എന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിന്റെ ആദിയും അന്തവും കണ്ടെത്താൻ നീണ്ട മുപ്പത് വർഷം മുപ്പത് ലക്ഷത്തോളം മനുഷ്യരുടെ അനുഭവങ്ങളാണ് ഡോക്ടർ പാർണിയ ക്രോഡീകരിച്ചത്. ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകൾ ഇത്തരത്തിൽ മരണത്തിന്റെ ആദ്യഘട്ടങ്ങൾ താണ്ടി മടങ്ങിയവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വെറുതെ രോഗികളുടെ അനുഭവങ്ങൾ രേഖപ്പെടുത്തുക മാത്രമല്ല തങ്ങൾ ചെയ്തത്, മറിച്ച്, അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യുക കൂടിയാണ്. തികച്ചും ബോധമില്ലാത്ത അവസ്ഥയിലാണ് തങ്ങൾ എന്ന് രോഗികൾ തിരിച്ചറിഞ്ഞു. മരിച്ചു എന്ന് തന്നെ അവർ സ്വയം മനസ്സിലക്കി. എന്നാൽ ചില അനുഭവങ്ങളിലൂടെ തങ്ങൾ കടന്നുപോകുന്നത് അവർ തിരിച്ചറിഞ്ഞു.
അവർക്ക് തങ്ങളുടെ ആന്തരിക ബോധം ഉണരുന്നതായി അനുഭവപ്പെട്ടു. തങ്ങളുടെ സ്വത്വം കൂടുതൽ വിശാലമാകുകയും കൂടുതൽ വ്യക്തമാകുകയും കൂടുതൽ തീക്ഷ്ണമാകുകയും ചെയ്യുന്നു. ഡോക്ടർമാരും നഴ്സുമാരും തങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ തീവ്രപരിശ്രമം നടത്തുന്നത് അവർ അറിയുന്നു. 360 ഡിഗ്രിയിൽ അപ്പോൾ അവർക്ക് കാണാൻ സാധിക്കുന്നു. എന്നാൽ തങ്ങൾക്ക് ഒന്നിനോടും പ്രതികരിക്കാനാകുന്നില്ല. തങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, അടുത്ത ഘട്ടത്തിൽ അവർ തങ്ങളുടെ ജീവിതത്തിലെ കടന്നുപോയ ഓരോ ഘട്ടങ്ങളും വീണ്ടും അനുഭവിക്കാൻ തുടങ്ങുന്നു. മറ്റുള്ളവരുമായുള്ള തങ്ങളുടെ ഇടപെടലുകൾ, തങ്ങളുടെ കാഴ്ചപ്പാടിൽ നിന്ന് മാത്രമല്ല, അവരുടെ കാഴ്ചപ്പാടിൽ നിന്ന് കൂടി അവർ കാണുന്നു.
ഉദാഹരണത്തിന്, തങ്ങൾ ഒരാളെ വേദനിപ്പിച്ചിരുന്നുവെങ്കിൽ ആ വേദന അവർ അനുഭവിച്ച അതേ തീവ്രതയിൽ തങ്ങൾക്കും അനുഭവിക്കാൻ കഴിയുന്നു. ഇനി തങ്ങൾ ആരെയെങ്കിലും സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിൽ അവരുടെ അതേ സന്തോഷം അതേ അളവിൽ തങ്ങൾക്കും അനുഭവിക്കാൻ സാധിക്കുന്നു. സാങ്കേതികമായി മരണത്തിന്റെ ആദ്യഘട്ടം താണ്ടിയവരുടെ മനോവ്യാപാരങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തിയതും ഡോക്ടർ പാർണിയ തന്റെ വാദങ്ങൾക്ക് ഉപോത്ബലകമായി സമർപ്പിക്കുന്നു.
ഇതിനായി ചില രോഗികളുടെ അനുഭവസാക്ഷ്യങ്ങളും ഡോക്ടർ വിവരിക്കുന്നു. നാൽപ്പത്തിമൂന്നാം വയസ്സിൽ രണ്ട് തവണ മസ്തിഷ്കാഘാതം വന്ന ആംബർ കവനാ പറയുന്നത്, തന്റെ ഭർത്താവ് തനിക്കരികിൽ ഇരുന്ന് കരയുന്നത് അവർ കണ്ടുവെന്നാണ്.
മനുഷ്യന്റെ ഹൃദയം നിലച്ചു കഴിഞ്ഞാലും അൽപ്പസമയം കൂടി തലച്ചോർ ഉണർന്നിരിക്കും. എന്നാൽ സ്കാനിംഗിൽ എപ്പോഴും ഇത് വ്യക്തമാകണമെന്നില്ല. ഇക്കാര്യം ഈ അടുത്തയിടെ വൈദ്യശാസ്ത്രം സ്ഥിരീകരിച്ചതാണ്. ഓക്സിജൻ ലഭ്യത നിലച്ചാലും, ജീവൻരക്ഷാ പ്രവർത്തനം നടക്കുന്ന കാലയളവിൽ ഒരു മണിക്കൂർ നേരത്തേക്ക് വരെ മസ്തിഷ്കത്തിന് മയക്കത്തിലാണ്ട തിരിച്ചറിവ് ഉണ്ടാകും. ഇക്കാരണത്താലാണ്, ഓക്സിജൻ വിതരണം നിലച്ച് അഞ്ച് മിനിറ്റിനുള്ളിൽ മസ്തിഷ്കമരണം രേഖപ്പെടുത്തിയാലും താത്വികമായി മരണം സ്ഥിരീകരിക്കാത്തത്.
കണ്ടുപിടുത്തങ്ങൾ നിലവിൽ ഈ പോയിന്റിൽ അവസാനിക്കുകയാണ്. മരണത്തെ തടയാനോ മരണത്തിന് ശേഷം എന്ത് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാനോ നിലവിലുള്ള അറിവുകൾ പര്യാപ്തമല്ലെന്നും ഡോക്ടർ പാർണിയ സമ്മതിക്കുന്നു.
നമ്മുടെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടം ഓർത്തെടുക്കാൻ ആവശ്യപ്പെട്ടാൽ പൂർണബോധത്തിൽ നമുക്ക് അത് സാധിച്ചുവെന്ന് വരില്ല. എന്നാൽ മരണത്തിന്റെ ആദ്യ പടി കടന്ന മനുഷ്യരിൽ തങ്ങളുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും ഒരു ഹിമപർവ്വതം പോലെ ഉയർന്ന് വരുന്നു. ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായി ജീവിതത്തിലെ നന്മതിന്മകളെ വേർതിരിച്ചറിയാൻ ഈ അവസരത്തിൽ സാധിക്കുന്നു.
താനുമായി അനുഭവം പങ്കുവെച്ചവരിൽ ചില രോഗികൾ പൂർണ്ണമായും പിന്നീട് മരണത്തിന് കീഴടങ്ങി. എന്നാൽ മടങ്ങി വന്നവർ, ജീവിതത്തിന്റെ മൂല്യം പൂർണ്ണമായും മനസ്സിലാക്കിയാണ് ശിഷ്ടകാലം ജീവിക്കുന്നത്.
ചിലർ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കവെ ഒരു തുരങ്കത്തിന്റെ അതിർത്തിയിൽ തീക്ഷണമായ വെളിച്ചം കാണുന്നതായി അനുഭവിക്കുന്നു. ചിലരാകട്ടെ, മരിച്ചുപോയ ബന്ധുക്കളെ കാണുന്നതായി അനുഭവിക്കുന്നു.
മസ്തിഷ്കമരണത്തിന് ശേഷവും തലച്ചോറിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നതായി ശാസ്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മരണവക്ത്രം കടന്നുവന്ന ഭൂരിഭാഗം പേർക്കും ഒരേ അനുഭവങ്ങൾ ഉണ്ടാകുന്നു എന്നിടത്താണ് ഇതുമായി ശാസ്ത്രത്തെ കൂട്ടിക്കെട്ടുന്നത്.
ഈ അവസ്ഥയ്ക്ക് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും ശാസ്ത്രീയമായ വിശദീകരണം ഇങ്ങനെയാണ്. മരണത്തോടടുക്കുമ്പോൾ തലച്ചോറിൽ സംഭവിക്കുന്ന രാസമാറ്റങ്ങൾ ഓർമ്മകളിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന പോയകാല അനുഭവങ്ങളുമായി ബന്ധപ്പെട്ട ചോദനകളെ ഒരേസമയം ചാർജ്ജ് ചെയ്യുന്നു. ഏതാണ്ട് അണയാൻ പോകുന്ന ദീപം അവസാനമായി ആളിക്കത്തുന്നത് പോലെ. പിന്നീട് ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി വരുന്നവർ ഈ അനുഭവത്തെ സ്ഥലകാലങ്ങളുടെ ത്രിമാനതയിൽ നിന്നും ദ്വിമാനതയിലേക്ക് സന്നിവേശിപ്പിച്ച് അവതരിപ്പിക്കുന്നു. ഇവിടെ സമയം അഥവാ കാലം എന്ന ആശയം വീണ്ടും പ്രസക്തമാകുന്നു.
ക്ലിനിക്കൽ മരണവും മസ്തിഷ്കമരണവും തമ്മിലുള്ള അന്തരം അറിഞ്ഞിരിക്കേണ്ടത് ആശയ വ്യക്തതയ്ക്ക് അനിവാര്യമാണ്. തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും ജീവൻ മാത്രം കൃത്രിമമായി നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണ് മസ്തിഷ്ക മരണം. ഇവിടെ വെന്റിലേറ്റർ നീക്കിയാൽ ഉടൻ മരണം പൂർണ്ണമാകുന്നു. എന്നാൽ ക്ലിനിക്കൽ മരണത്തിൽ ഹൃദയം നിലയ്ക്കുകയും തലച്ചോർ ഉണർന്നിരിക്കുകയും ചെയ്യുന്നു. മസ്തിഷ്കമരണം സംഭവിച്ച ഒരാളെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് അസാദ്ധ്യമാണ്. എന്നാൽ ക്ലിനിക്കൽ മരണത്തിൽ, കൃത്യമായ ചികിത്സ കൃത്യസമയത്ത് ലഭിക്കുന്നതിലൂടെ ജീവിതം തിരികെ ലഭിക്കാനുള്ള സാദ്ധ്യതകൾ അവശേഷിക്കും.