പുരി: ഒഡിഷയിൽ ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം. പുരി-ന്യൂഡൽഹി നന്ദൻ കാനൻ എക്സ്പ്രസിന് നേർക്ക് വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങൾ എറിയുകയുമായിരുന്നു.ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം .
ഒഡിഷയിലെ ഭദ്രക് റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. കോച്ച് ടോയ്ലറ്റുന്റെ ജനൽ പാളിയിലാണ് രണ്ട് വെടിയുണ്ടകൾ പതിച്ചത് . ചില്ലുകൾ തകർന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആർ പി എഫ് സ്ഥലത്തെത്തി. നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നു. അതുകൊണ്ട് തന്നെ ഈ വെടിവയ്പ്പിന് പിന്നിൽ ഭീകരർ ആകാമെന്നും സംശയമുണ്ട്. അടുത്തിടെ കാൺപൂർ , പാട്യാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ ട്രാക്കുകളിൽ മരകഷ്ണങ്ങൾ , കൂറ്റൻ കല്ലുകൾ , ഇരുമ്പ് കമ്പികൾ എന്നിവ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. തമിഴ്നാട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 13 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് കോച്ചുകൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു .