ന്യൂഡൽഹി : ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ ആർമി ഡോഗായിരുന്ന ‘ ഫാന്റം ‘ കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത് . സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ തേടിയുള്ള അന്വേഷണത്തിനിടെയാണ് ഫാന്റത്തിന് വെടിയേറ്റത് . അഭിവാദ്യം അർപ്പിച്ച് ഇന്ത്യൻ ആർമി പങ്ക് വച്ച കുറിപ്പിൽ ഫാന്റത്തിന്റെ ധീരതയേയും, വീരത്തെയും പ്രശംസിച്ചിരുന്നു . കരുത്തരായ നമ്മുടെ സൈനികർക്കൊപ്പം അതിവേഗമേറിയ , ശൗര്യമേറിയ നായ്ക്കൾ കൂടിയായാൽ ഭീകരർക്ക് അത് കനത്ത തിരിച്ചടി തന്നെയാകും .
ഇന്ത്യൻ സൈന്യത്തിൽ വിവിധ ഇനം നായ്ക്കളെ ഭീകരരെ കണ്ടെത്താനും മറ്റുമായി നിയോഗിക്കാറുണ്ട് . ഇതിനായി നായ്ക്കളെ തെരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും പരിഗണിക്കാറുമുണ്ട് . അവയുടെ ബുദ്ധിശക്തി, ചടുലത , ആളുകളുമായി ഇടപഴകാനുള്ള കഴിവ് ഇവയൊക്കെ നോക്കിയാണ് ഇന്ത്യൻ ആർമിയിൽ നായ്ക്കളെ നിയോഗിക്കുന്നത് .
ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ , ബെൽജിയൻ ഷെപ്പേർഡ് , ഗ്രേറ്റ് സ്വിസ് മൗണ്ടൻ നായ്ക്കൾ എന്നിവയൊക്കെ ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഇന്ത്യൻ ഇനമായ മൂധോൾ നായ്ക്കളും ഇന്ത്യൻ സൈന്യത്തിലുണ്ട്.രോഗപ്രതിരോധ ശേഷിയും, ചുറുചുറുക്കുമെല്ലാം മൂധോൾ ഹൗണ്ടിനെ തെരഞ്ഞെടുക്കാനുള്ള കാരണമാണ്. വിദേശികളായ നായ്ക്കളെ സൈന്യത്തിൽ ഉൾപ്പെടുത്തുന്ന പതിവ് പണ്ടേ ഉണ്ടെങ്കിലും 2017 മുതലാണ് ഇന്ത്യൻ ഇനങ്ങളെയും ഉൾപ്പെടുത്താൻ ആരംഭിച്ചത് .
13 മാസം പ്രായമുള്ളപ്പോൾ മുതൽ ഇവ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാറുണ്ട് . പല കഠിന പരിശീലനങ്ങൾക്കും ശേഷമാണ് ഇവയെ സൈന്യത്തിന്റെ ഭാഗമാക്കുന്നത് . മീററ്റിലെ റിമൗണ്ട് ആന്റ് വെറ്റിനറി കോർ സെന്ററിലും , കോളേജിലുമായാണ് ഇവയ്ക്ക് പരിശീലനം നൽകുന്നത് .സാധാരണയായി 10 മാസം വരെ ഈ നായ്ക്കൾക്ക് പരിശീലനം നൽകാറുണ്ട് .ഇവയെ പരിശീലിപ്പിക്കാൻ പ്രത്യേക ട്രെയിനർമാരുമുണ്ട് . എട്ട് മുതൽ പത്ത് വയസ് വരെയാണ് ഇവ സൈനിക സേവനം നടത്തുക. മാത്രമല്ല സൈനിക സേവനം കഴിഞ്ഞ നായ്ക്കളെ ദത്ത് നൽകാറുമുണ്ട് .