മലപ്പുറം : കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. മലപ്പുറം ജില്ലയിലെ താനാളൂർ സ്വദേശിനിയായ സൈനബ (44) ആണ് കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടി മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് സംഭവം. കഴിച്ചുകൊണ്ടിരുന്ന കപ്പ് കേക്കിന്റെ ഒരു ഭാഗം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് സൈനബയെ ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി . പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം സൈനബ മരിച്ചു.
സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു. ദുരന്തത്തെത്തുടർന്ന്, വെള്ളിയാഴ്ച നിക്കാഹ് ചടങ്ങ് മാത്രമാണ് നടത്തിയത്.

