ന്യൂഡൽഹി : സൈന്യത്തിനായി 79,000 കോടി വിലമതിക്കുന്ന ആധുനിക ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം . മിസൈലുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവയും, വിവിധ വെടിക്കോപ്പുകളും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്.
ഇതിൽ സൈന്യത്തിനായുള്ള ലോയിറ്ററിംഗ് യുദ്ധോപകരണങ്ങളും പിനാക റോക്കറ്റുകളും, വ്യോമസേനയ്ക്കുള്ള ആസ്ട്ര മിസൈലുകളും സ്പൈസ്-1000 ബോംബുകളും ഉൾപ്പെടുന്നു. നാവികസേനയ്ക്കായി കൂടുതൽ ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് റേഞ്ച് (HALE) റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റങ്ങൾ പാട്ടത്തിനെടുക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ നിർണായക യോഗം നടന്നത് . മൂന്ന് സായുധ സേനകളുടെയും മേധാവികളും, സിഡിഎസ് ജനറൽ അനിൽ ചൗഹാനും പ്രതിരോധ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു. ആയുധങ്ങളും സൈനിക ഉപകരണങ്ങളും വേണമെന്ന ആവശ്യകത യോഗം അംഗീകരിച്ചു.
സൈന്യത്തിന്റെ പിനാക മൾട്ടി റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന് (MRLS) ലോംഗ്-റേഞ്ച് ഗൈഡഡ് റോക്കറ്റുകൾക്ക് അംഗീകാരം ലഭിച്ചു. ചെറിയ ശത്രു ഡ്രോണുകൾ കണ്ടെത്തുന്നതിനായി ഭാരം കുറഞ്ഞ റഡാർ , അത്തരം ഡ്രോണുകളെ നിർവീര്യമാക്കുന്നതിന് തദ്ദേശീയമായ ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം (IDDS) MARK-2 എന്നിവ വാങ്ങാനും അനുമതി ലഭിച്ചു.
വ്യോമസേനയ്ക്കായി ആസ്ട്ര മാർക്ക്-2 മിസൈലുകളും സ്പൈസ്-1000 ലോംഗ്-റേഞ്ച് ഗൈഡൻസ് കിറ്റുകളും വാങ്ങുന്നതിനും പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. വ്യോമസേനയുടെ സുഖോയ്, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസുകളിൽ ആസ്ട്ര മിസൈൽ സജ്ജീകരിച്ചിരിക്കുന്നു.
വ്യോമസേനയ്ക്കായി എല്ലാ കാലാവസ്ഥയിലും ടേക്ക്-ഓഫുകളും ലാൻഡിംഗുകളും റെക്കോർഡുചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ലാൻഡിംഗ് റെക്കോർഡിംഗ് സിസ്റ്റം വാങ്ങുന്നതിനും അംഗീകാരം ലഭിച്ചു. കൂടാതെ, എൽസിഎ തേജസ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള എഒഎന്നിനും അംഗീകാരം ലഭിച്ചു.ഇന്ത്യ അമേരിക്കയുമായി 31 MQ-9 ഡ്രോണുകൾക്കായി കരാർ ഒപ്പിട്ടിട്ടുണ്ട് . അതിൽ 15 എണ്ണം നാവികസേനയ്ക്കും ബാക്കി 8 എണ്ണം കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടിയുമാണ്.

