ധാക്ക : ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗ്ലാദേശ്. അറസ്റ്റിലായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഉൾപ്പെടെ ഇസ്കോണിന്റെ 17 നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ 30 ദിവസത്തേക്ക് മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിന്റേതാണ് ഉത്തരവ് .
ഇവരുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും റദ്ദ് ചെയ്യാൻ വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് നിർദേശം നൽകി. മാത്രമല്ല ഈ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും , ഇസ്കോണിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റി അന്വേഷിക്കാനും ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് തീരുമാനിച്ചു. ഇസ്കോണിനെ നിരോധിക്കണമെന്ന ഹർജി ബംഗ്ലാദേശ് കോടതി തള്ളിയതിന് പിന്നാലെയാണ് സാമ്പത്തിക മരവിപ്പ്.
ദിവസങ്ങൾക്ക് മുൻപാണ് ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും, ഇസ്കോൺ സന്യാസിയുമായ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തത് . .രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ബിഎൻപി നേതാവ് ഫിറോസ് ഖാനാണ് ഇദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തത്.
തിങ്കളാഴ്ച ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ചിൻമോയിയെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം, അദ്ദേഹത്തെ ചിറ്റഗോംഗ് കോടതിയിൽ ഹാജരാക്കി, അവിടെ ജാമ്യാപേക്ഷ നിരസിക്കുകയും ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.അറസ്റ്റ് വൻ തോതിലുള്ള പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.