ഗാൽവെ: മിനി ബ്രെയിനുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ നിർണായക നേട്ടവുമായി ഗവേഷകർ. ലാബുകളിൽ വളർത്തുന്ന മിനി ബ്രെയിനുകളുടെ വളർച്ചയിൽ പുരോഗതി കണ്ടെത്തി. സ്റ്റെം സെല്ലുകളിൽ നിന്നും ലാബിൽ വളർത്തുന്ന ചെറിയ തലച്ചോറുകളുടെ രൂപങ്ങളാണ് മിനി ബ്രെയിൻസ് എന്ന് അറിയപ്പെടുന്നത്. സെറിബ്രൽ ഓർഗനോയിഡുകൾ എന്നും ഇവ അറിയപ്പെടുന്നു. സ്ട്രോക്ക് , അൽഷിമേഴ്സ് , പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇത് ഗുണം ചെയ്യും.
ഗാൽവെ സർവ്വകലാശാലയിൽ നടക്കുന്ന ഗവേഷണങ്ങൾക്ക് ഡോ. മിഹി ലൊമോറയാണ് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ സംഘം, ഹൈഡ്രോജൽ എന്ന് വിളിക്കപ്പെടുന്ന മൃദുവായ വസ്തുവിൽ തലച്ചോറുകൾ വളർത്തുകയും രക്തക്കുഴലുകൾ രൂപപ്പെടുത്താൻ കഴിയുന്ന കോശങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി ഓർഗനോയിഡുകൾ വലുതായി.

