ഡബ്ലിൻ: വീട്ടുടമകളായ ദമ്പതികൾക്ക് ഭീഷണി സന്ദേശം അയച്ച വാടകക്കാരന് പിഴയിട്ട് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് ട്രൈബ്യൂണൽ. വാടകക്കുടിശ്ശികയും നഷ്ടപരിഹാരവുമായി 32,600 യൂറോ ആണ് പിഴയിട്ടത്. ടാല സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ നടപടി.
പരാതിക്കാരുടെ ടാലയിലെ സ്പ്രിംഗ്ഫീൽഡിലെ വീട്ടിൽ ആയിരുന്നു വാടകക്കാരൻ താമസിച്ചിരുന്നത്. മൂന്ന് നിലകളുള്ള വീട്ടിൽ 2017 മുതൽ ആയിരുന്നു ഇയാൾ താമസിക്കാൻ ആരംഭിച്ചത്. ആദ്യ സമയങ്ങളിൽ കൃത്യമായി വാടക നൽകിയെങ്കിലും പിന്നീട് വാടകക്കാരൻ ഇതിൽ മുടക്കം വരുത്തി. പിന്നീട് 2023 ജൂൺ മുതൽ വാടകക്കാരൻ വാടക നൽകിയില്ല.
വാടക നൽകാൻ ആവശ്യപ്പെട്ടപ്പോൾ ദമ്പതികളെ ഇയാൾ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെ പരാതി നൽകുകയായിരുന്നു. ഇതുവരെ 42,000 യൂറോ ആണ് വാടകക്കാരൻ ദമ്പതികൾക്ക് നൽകാനുള്ളത്. എന്നാൽ കോവിഡ് കാലത്ത് വാടകക്കാരന് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് നഷ്ടപരിഹാരം 32,600 യൂറോ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 28 ദിവസത്തിനുള്ളിൽ ദമ്പതികളുടെ വീട്ടിൽ നിന്നും ഒഴിയാനും ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്.

