കോഴിക്കോട്: പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് മൂഴിക്കലിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിയായ നസ്രീനയാണ് മരിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ അദ്നാൻ (20) ആണ് കൊലപാതകം നടത്തിയത്.
ഇരുവരും സഹോദരിമാരുടെ മക്കളാണ്. പെൺകുട്ടിയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കുറ്റകൃത്യത്തിന്റെ കാരണം വ്യക്തമല്ല.
യുവാവ് മുൻപ് പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. ആറ് മാസം മുമ്പ് ചില കുടുംബ പ്രശ്നങ്ങൾ കാരണം ഇയാൾ വീട്ടിൽ നിന്ന് മാറിയതായി നാട്ടുകാർ പറഞ്ഞു. വ്യാജ താക്കോൽ ഉപയോഗിച്ചാണ് ഇയാൾ വീട്ടിൽ കയറിയതെന്നും സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന് പോലീസ് പറഞ്ഞു.

