തിരുവനന്തപുരം : മുൻ മേയർ ആര്യാ രാജേന്ദ്രനുമായുളള തർക്കത്തെ തുടർന്ന് കെ എസ് ആർ ടി സിയിലെ ഡ്രൈവർ ജോലി നഷ്ടപ്പെട്ട യദുവിന് പുതിയ നിയമനം. നിയമസഭയിലെ താൽക്കാലിക ഡ്രൈവറായാണ് യദുവിനെ നിയമിച്ചത്.
ജോലിയിലേയ്ക്ക് തിരിച്ച് എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്ത് വന്നിരുന്നു. ഗതാഗത മന്ത്രിയ്ക്ക് കത്തും നൽകിയിരുന്നു. ആര്യാരാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിലായിരുന്നു നടുറോഡിൽ വാക് പോര് നടന്നത്.
തിരുവനന്തപുരത്ത് പാളയത്ത് വച്ചായിരുന്നു സംഭവം. പ്ലാമൂട് വച്ച് ബസ് ആദ്യം കാറിൽ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും, പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യാരാജേന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് കൂട്ടാക്കിയില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്ക്കും ഭര്ത്താവിനുമെതിരെ കേസെടുത്തത്.

