പാലക്കാട്: വെർച്വൽ അറസ്റ്റിന്റെ പേരിൽ വിരമിച്ച അധ്യാപികയിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ് കേരള സൈബർ പോലീസും ബാങ്ക് ഉദ്യോഗസ്ഥരും . . പാലക്കാട്ടെ കോങ്ങാട് സ്വദേശിനിയായ 68 കാരിയെയാണ് വെർച്വൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്.
സി.ബി.ഐ ഉദ്യോഗസ്ഥരെന്ന പേരിലാണ് തട്ടിപ്പുകാർ അധ്യാപികയുമായി ബന്ധപ്പെട്ടത്. അധ്യാപികയുടെ അക്കൗണ്ടിൽ നിന്ന് ദേശവിരുദ്ധ സംഘടനയുടെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിയതായി കണ്ടെത്തിയതായും, മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും വെർച്വൽ അറസ്റ്റ് ചെയ്യുമെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്.
മാത്രമല്ല അധ്യാപികയുടെ വീട്ടിൽ റെയ്ഡ് നടത്തുമെന്നും തട്ടിപ്പുകാർ മുന്നറിയിപ്പ് നൽകി . “അടിയന്തര നടപടിക്രമങ്ങൾക്കായി” 2 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാനും, റെയ്ഡ് തടയാൻ കൂടുതൽ തുക വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പണം പിൻ വലിക്കാനായി അധ്യാപിക ബാങ്കിൽ എത്തുകയായിരുന്നു.
അപ്പാർട്ട്മെന്റ് വാങ്ങാൻ മറ്റൊരു അക്കൗണ്ടിലേക്ക് 61 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് അധ്യാപിക പറഞ്ഞത് കേട്ട ബാങ്ക് മാനേജരാണ് സംശയം തോന്നി സൈബർ പോലീസിനെ വിവരം അറിയിച്ചത്. സബ് ഇൻസ്പെക്ടർ എം മനേഷ്, സിവിൽ പോലീസ് ഓഫീസർ ആർ പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബാങ്കിലെത്തി അധ്യാപികയുമായി സംസാരിച്ചു. വെർച്വൽ അറസ്റ്റ് ഒരു തട്ടിപ്പാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചപ്പോൾ ആദ്യം അധ്യാപിക വിശ്വസിച്ചില്ല. മറ്റാരോടും ഇക്കാര്യങ്ങൾ പറയരുതെന്ന് സിബിഐ സംഘം പറഞ്ഞിട്ടുണ്ടെന്നായിരുന്നു അധ്യാപികയുടെ മറുപടി.
സമാനമായ തട്ടിപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗസ്ഥർ നൽകുകയും തട്ടിപ്പുകാരോട് നേരിട്ട് സംസാരിക്കുകയും ചെയ്തപ്പോഴാണ് അധ്യാപികയ്ക്ക് കാര്യം മനസ്സിലായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.