തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ സിനിമാ പ്രവർത്തകരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന ചെയ്ത സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. സ്വർണം സംഭാവന ചെയ്തതുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചിരുന്നു. സ്വർണം സംഭാവന ചെയ്ത 27 പേരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തുന്നുണ്ട്.
2017-ൽ കൊടിമര പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നതായി ദേവസ്വം വിജിലൻസ് നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
സുരേഷ് ഗോപി ഇതിൽ വിശദീകരണം നൽകിയിരുന്നു. വാജി വാഹനത്തിൽ സ്വർണ്ണം പതിച്ചത് താൻ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അഷ്ടദിക്പാലക വിഗ്രഹങ്ങളിൽ സ്വർണ്ണം പതിച്ചത് തന്റെ മകൻ ഗോകുൽ സുരേഷ്, സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ എന്നിവർ ചേർന്നാണെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.

