കൊല്ലം: നിലമേലിൽ ഒരു കുടുംബത്തിലെ രണ്ട് പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. നിലമേലിൽ റഷീദ ബീവി (58), മരുമകൻ ഷാജി (42) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വിഴിഞ്ഞത്ത് മുഹ്യിദ്ദീൻ ജുമാ മസ്ജിദിന് സമീപമുള്ള അസ്മക് ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി 9:30 ഓടെ ഭക്ഷണം കഴിച്ചവരാണിവർ.
മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറയുന്നത്. കഴിച്ച് നിലമേൽ വരെ എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു . ഇവരിൽ നാലുപേരെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഷാജിയും, റഷീദാബീവിയും മരിച്ചത്. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റൊരാളിന്റേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്. ഷാജിയുടെ ഭാര്യ സജിമോൾ (39) പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്.
അവർക്കൊപ്പം രണ്ട് കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പോലീസ് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ ഉടൻ പരിശോധന നടത്തും. പ്രദേശത്തെ സായാഹ്ന ഹോട്ടലാണിത്. വളരെ പഴകിയ മത്സ്യമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന പോലും നടത്തുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

