പാലക്കാട്: ചിറ്റൂരിലെ ക്ഷേത്രക്കുളത്തിൽ ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂരിലെ കാശി വിശ്വനാഥന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. 14 കാരായ ഇരുവരും ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് .
ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടറിൽ പോയ ഇരുവരും ലങ്കേശ്വരം ശിവക്ഷേത്രത്തിൽ പോയി വിളക്കുകൾ കത്തിച്ചു. അതിനുശേഷം ഇരുവരും വീട്ടിൽ മടങ്ങി എത്തിയിരുന്നില്ല. അന്വേഷണത്തിൽ ക്ഷേത്രക്കുളത്തിലെ കുളിക്കടവിൽ നിന്ന് രാമന്റെ വസ്ത്രം കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആദ്യം ലക്ഷ്മണന്റെ മൃതദേഹവും പിന്നീട് രാമന്റെ മൃതദേഹവും ലഭിച്ചു. ഇരുവർക്കും നീന്താൻ അറിയില്ലായിരുന്നു. ഇരുവരും മീൻ പിടിക്കാൻ ശ്രമിക്കവേ കുളത്തിൽ വീണതാകാമെന്നാണ് നിഗമനം.

