കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് . നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു ഷാഹിർ , ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ.
സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് കാണിച്ച് പ്രതികൾ ഏഴ് കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി.അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദ് ആണ് പരാതിക്കാരൻ. സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്.
സിനിമയുടെ നിർമ്മാണത്തിനായി പ്രതികൾ സ്വന്തമായി പണം മുടക്കിയിട്ടില്ല , പകരം ഏഴ് കോടി രൂപ സിറാജിന്റെ കയ്യിൽ നിന്ന് വാങ്ങിയാണ് ഉപയോഗിച്ചത് . 2024 ൽ പുറത്തിറങ്ങിയ ചിത്രത്തിന് വിചാരിച്ചതിനേക്കാൾ കൂടുതൽ സാമ്പത്തികലാഭം ഉണ്ടാകുകയും ചെയ്തു.
എന്നാൽ സൗബിനോ, പിതാവോ മുടക്കുമുതലോ മറ്റെന്തെങ്കിലും തരത്തിലുള്ള ലാഭവിഹിതമോ ഒന്നും തന്നെ നൽകിയില്ലെന്നാണ് സിറാജിന്റെ പരാതി. പോയി കേസു കൊടുക്ക് എന്ന വരെ പറഞ്ഞുവെന്നാണ് സിറാജ് പരാതിയിൽ പറയുന്നത് . പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം കേസ് അന്വേഷിച്ച് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വിശ്വാസവഞ്ചന , ചതി, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത് .വഞ്ചിക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഈ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു ഷാഹിർ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ കേസ് തള്ളിക്കളഞ്ഞു.
വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം മടക്കി നൽകിയെന്നുമായിരുന്നു ആദ്യം പ്രതികളുടെ വാദം. പിന്നീട് ഇത്തരത്തിലൊരു പണമിടപാട് നടന്നിട്ടില്ലെന്ന നിലപാടും കൈക്കൊണ്ടു . മഞ്ഞുമൽ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റും നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

