തൃശൂർ : വിയൂർ ജില്ലാ ജയിലിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന റിമാൻഡ് പ്രതി മരിച്ചത് മർദ്ദനമേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് . തൃശൂർ ചിറ്റിശേരി സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. കഴിഞ്ഞ മാസം 26 നാണ് രേഷ് ബാബു ജയിലിൽ കുഴഞ്ഞ് വീണത് . മകന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്നായിരുന്നു രേഷ് ബാബുവിന്റെ പിതാവിന്റെ ആരോപണം.
എന്നാൽ മുഖത്തെ മുറിവ് പ്ലേറ്റ് ലെറ്റ് കുറഞ്ഞതിനെ തുടർന്ന് ഉണ്ടായതാണെന്നാണ് നിഗമനം. പ്ലേറ്റ് ലെറ്റ് കുറഞ്ഞതിന്റെ കാരണം അറിയാൻ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും.തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടർന്നാണ് ആന്തരിക രക്തസ്രാവമുണ്ടായത്.ശരീരത്തിൽ പുറകിൽ രണ്ട് മുറിവുകൾ കണ്ടതായും അത് മർദ്ദനത്തിലൂടെയാണോ എന്ന് അറിയാൻ പരിശോധന തുടരുകയാണെന്നുമാണ് സൂചന.
മോഷണക്കുറ്റത്തിനാണ് ഇയാളെ കഴിഞ്ഞ മാസം 18 ന് പൊലീസ് അറസ്റ്റ് ചെയ്തത് . തുടർന്ന് ജില്ലാജയിലിൽ റിമാൻഡിലായിരുന്നു. മേയ് 16 നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇന്നലെയാണ് മരണം സംഭവിച്ചത്.
രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്ത് വന്നിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ആളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്നും ആക്ഷേപമുണ്ട് .പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് ആരോപണം.

