തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം . 5 പേരെ കൊലപ്പെടുത്തിയതായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പേരുമല സ്വദേശി അഫാൻ (23) മൊഴി നൽകി.
പിതാവ് റഹിമിന്റെ മാതാവും, സ്വന്തം സഹോദരനും അടക്കം കുടുംബത്തിലെ അഞ്ചു പേരെയാണ് 21 വയസ്സ് മാത്രം പ്രായമുള്ള യുവാവ് കൊലപ്പെടുത്തിയത്. അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവിന്റെ പിതാവിന്റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്റെ സഹോദരന് ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാൾ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. മുത്തശ്ശി സൽമാബീവി(88)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം എസ്.എൻ. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ വെട്ടിക്കൊന്നു. തുടർന്നാണ് പേരുമലയിലെ വീട്ടിലെത്തി അമ്മ ഷമീന , സഹോദരൻ, 3 ദിവസമായി വീട്ടിലുള്ള പെണ്‍കുട്ടി ഫര്‍ഷാന എന്നിവരെ ആക്രമിച്ചത്.
പിതാവ് റഹിം വിദേശത്താണ്. പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ്. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നു. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് കൊലപാതക പരമ്പരയെന്ന് പറയപ്പെടുന്നു.
പേരുമലയിലെ അഫാന്റെ വീട്ടിൽനിന്ന് ആറു കിലോമീറ്റർ അകലെയാണ് ഫർസാനയുടെ വീട്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു ഫർസാന. .മാതാവ് ഷമീന കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്സാൻ.
കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്. എലിവിഷം കഴിച്ച പ്രതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ വിശദമായ ചോദ്യംചെയ്യലിന് സാധിച്ചിട്ടില്ല.
പിതാവ് റഹിമിന്റെ വിദേശത്തുള്ള ഫർണിച്ചർ ബിസിനസ് പൊളിഞ്ഞുവെന്നും ബന്ധുക്കളോട് സഹായം ചോദിച്ചപ്പോൾ സഹായിച്ചില്ലെന്നും അതിനാൽ എല്ലാവരെയും കൊന്ന് താനും മരിക്കാനാണ് തീരുമാനിച്ചത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.പ്രതി ലഹരിക്കടിമയാണോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.