കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി 15 കാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു . കൊല്ലം കൊട്ടാരക്കര നീലേശ്വരത്താണ് അപകടം.
ഹരിലാൽ (52), പാർഥിപ് (15), അജയ കുമാർ (45) എന്നിവരാണ് മരിച്ചത് . മൂന്ന് പേരെയും മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ റിഷബ് (15) , കൗശിക് (15), നിസാം (40) എന്നിവരെ കൊല്ലം മെഡിസിറ്റിയിലേയ്ക്ക് മാറ്റി. നവനീത് കൃഷ്ണൻ (13) , ജിബിമോൾ (15) എന്നിവർ നിസാര പരിക്കുകളാണ് ഉള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു
മണ്ണ് നിറച്ച ലോറി കൊട്ടാരക്കര മുക്കോണിമുക്കിലെ ബസ് സ്റ്റോപ്പിലേക്കാണ് ഇടിച്ചു കയറിയത് . ആ സമയത്ത് ഏഴ് കുട്ടികളും ചില നാട്ടുകാരുമാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ലോറി പൂർണ്ണമായും തകർന്നു. പോലീസും ഫയർഫോഴ്സും ചേർന്നാണ് ലോറി ഉയർത്തി മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
അളവിൽ കൂടുതൽ മണ്ണ് കയറ്റി വന്ന ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജോലിയ്ക്ക് പോകാനും, സ്കൂളിൽ പോകാനുമായി നിന്നവരിൽ പലരും ലോറിയുടെ വരവ് കണ്ട് ഓടി മാറിയിരുന്നു. ഏഴുമണിക്കെത്തേണ്ട ബസ് 10 മിനിറ്റ് വൈകി, ആ സമയത്താണ് അപകടം ടിപ്പർ ലോറിയുടെ രൂപത്തിലെത്തിയത്. എതിർദിശയിൽ ഉണ്ടായിരുന്ന ബുള്ളറ്റിനെയും ഇടിച്ച് നിരക്കിയാണ് ബസ് സ്റ്റോപിലേയ്ക്ക് ടിപ്പർ പാഞ്ഞ് കയറിയത്.

