താമരശ്ശേരി: താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ മണ്ണിടിച്ചിൽ . ഒമ്പതാം വളവിന് സമീപം മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് സ്ഥലത്തെത്തി കല്ലുകളും മരങ്ങളും നീക്കം ചെയ്യാൻ തുടങ്ങി. കാൽനടയാത്രക്കാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത സ്ഥലത്ത് ഒറ്റവരി ഗതാഗതത്തിനായി റോഡ് ഒരുക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് വയനാട്ടിലേക്കുള്ള ഈ റോഡിലെ ഗതാഗതം സ്തംഭിച്ചു. ചുരം പൂർണ്ണമായും അടച്ചു
മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് ഈ റോഡിലൂടെ കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണ് നീക്കം ചെയ്യാൻ ടിപ്പർ ലോറികളും ജെസിബികളും എത്തിയെങ്കിലും പൂർണ്ണമായും വിജയിച്ചില്ല. ഇതോടെ, ഈ വഴി കടന്നുപോകേണ്ട വാഹനങ്ങൾ കുറ്റിയാടി ചുരം വഴി തിരിച്ചുവിട്ടു.ചൊവ്വാഴ്ച വൈകിട്ട് ചുരത്തിൽ ഏഴാം വളവിനും എട്ടാം വളവിനുമിടയിൽ ലോറി കേടായി കുടുങ്ങി ഗതാഗത തടസ്സമുണ്ടായിരുന്നു.
രാവിലെ ചുരം റോഡിൽ ഒരു ലോറി ഓവുചാലിലേക്ക് മറിഞ്ഞിരുന്നു. റോഡിന്റെ ഒരു വശത്തേക്കാണ് മറിഞ്ഞതെന്നതിനാൽ രാവിലെ ഗതാഗതത്തെ അതു ബാധിച്ചില്ല. ഓണാവധിയും വിനോദസഞ്ചാര സീസണും അടുക്കുന്ന സാഹചര്യം മുൻനിർത്തി മുൻപ് നടപ്പാക്കുന്നതു പോലെ തിരക്കുള്ള സമയത്ത് ചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.ചുരത്തിന്റെ മുകൾഭാഗമായ ലക്കിടിയിലും താഴ്വാരമായ അടിവാരത്തും 24 മണിക്കൂറും റിക്കവറി ക്രെയിൻ സൗകര്യമൊരുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.

