ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരളം സന്ദർശിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചെന്നൈയിൽ വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി . വിജയുമായി ചർച്ച നടത്താൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു.
ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയോ ഇന്ത്യാ ബ്ലോക്ക് യോഗങ്ങളോ ചർച്ച ചെയ്തില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തമിഴ്നാട് മന്ത്രിസഭയിൽ മുസ്ലീം ലീഗിന് മന്ത്രി സ്ഥാനം നൽകിയതിൽ പാണക്കാട് തങ്ങൾ വിജയ്ക്ക് നന്ദി അറിയിച്ചു. വളരെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദ്-ഇ-മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ 131-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പരിപാടിയിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തിരുന്നു. ചെന്നൈയിലെ ട്രിപ്ലിക്കേനിലുള്ള ഖാഇദ്-ഇ-മില്ലത്തിന്റെ ഖബറിടത്തി നടന്ന പ്രാർത്ഥനകളിലാണ് വിജയ് പങ്കെടുത്തത്.
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രത്യേക പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാണക്കാട് തങ്ങൾക്കൊപ്പം ഖാദർ മൊഹിദീൻ, പി കെ കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ എം ഷാജഹാൻ എന്നിവരും മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പം പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു.

